Table of Contents
കുറിപ്പ്: ഈ ബ്ലോഗ് പുറത്തുനിന്നുള്ള ഒരു ബ്ലോഗര്‍ എഴുതിയതാണ്. ഇതിലെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും രചയിതാവിന്‍റേതു മാത്രമാണ്.
കാര്‍ഡാനോയെ കുറിച്ച് വിശദമായി- എന്തുകൊണ്ട് ഈ ഹൈപ്പ്?
ക്രിപ്‌റ്റോകറൻസി മേഖലയെ കുറച്ചുകാലമായി നിരീക്ഷിക്കുന്ന ആർക്കും ഈ വ്യവസായം ബിറ്റ്‌കോയിനിലും (Bitcoin) എതീറിയത്തിലും (Ethereum) മാത്രമായി ഒതുങ്ങുന്നതല്ല എന്ന ബോധ്യമുണ്ടായിരിക്കും. ഇക്കാലയളവില്‍ നിരവധി വ്യത്യസ്ത ക്രിപ്‌റ്റോ പ്രോജക്റ്റുകൾ ഉയർന്നുവന്നിട്ടുണ്ട്, അവയ്ക്ക് ഓരോന്നിനും ഒരു പ്രത്യേക ഉപയോഗ സാഹചര്യമുണ്ട്. ബിറ്റ്‌കോയിനും എതീറിയവും പ്രദാനം ചെയ്യുന്നതിനെ അനുകരിക്കാനും മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നവയാണ് ചിലത്. അത്തരത്തിലുള്ള ഒരു സംരംഭമാണ് കാർഡാനോ (cardano) ബ്ലോക്ക്ചെയിൻ. വികേന്ദ്രീകൃത സാമ്പത്തിക മേഖലയില്‍ നിന്ന് നേട്ടംകൊയ്യാനുള്ള നെറ്റ്‌വർക്ക് ഡെവലപ്പർമാരുടെ വര്‍ധിച്ചുവരുന്ന ശ്രമത്തിന്‍റെ ഭാഗമായി ലോകത്തിലെ മൂന്നാമത്തെ വലിയ വെർച്വൽ കറൻസിയായി ഇത് മാറിയിരിക്കുന്നു.
ആരംഭം
എതീറിയത്തിന്‍റെ സഹസ്ഥാപകരിൽ ഒരാളായ ചാൾസ് ഹോസ്കിൻസൺ, കൂടുതൽ നിലവാരമുള്ളതും കൂടുതല്‍ കൃത്യമായി അളക്കാവുന്നതുമായ ബ്ലോക്ക്ചെയിനിന്‍റെ ആവശ്യകത ആദ്യമേ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഹോസ്കിൻസൺ തന്‍റെ ഗണിതശാസ്ത്ര വൈദഗ്ധ്യം ഉപയോഗിച്ച്, ഒരു ബ്ലോക്ക്ചെയിൻ നിർമ്മിക്കുന്നതിനുള്ള കൂടുതൽ ശാസ്ത്രീയമായ രീതികൾ പരീക്ഷിക്കാൻ തുടങ്ങി. ഈ കാലയളവിൽ, ഹോസ്‌കിൻസൺ എതെറിയത്തിലെ തന്‍റെ മുൻ സഹപ്രവർത്തകനായ ജെറമി വുഡുമായി ബന്ധപ്പെട്ടു. നിലവില്‍ ഉപയോഗത്തിലുള്ളതിനേക്കാൾ മികവുറ്റ ഒരു ബ്ലോക്ക്ചെയിനും സ്മാർട്ട് കോൺട്രാക്ട് പ്ലാറ്റ്‌ഫോമും നിർമ്മിക്കാനുള്ള ലക്ഷ്യത്തിലായിരുന്നു ജെറമി വുഡും. അവർ ഇരുവരും കൈകോർത്ത് കാർഡാനോയെ അതിന്‍റെ നിലവിലെ രൂപത്തിലേക്ക് വളര്‍ത്താന്‍ തുടങ്ങി.
കാർഡാനോയുടെ പ്രധാനപ്പെട്ട അടിസ്ഥാനകാര്യങ്ങൾക്കും സ്‌മാർട്ട് കോൺട്രാക്‌ട് ടെക്‌നോളജിക്കും പിന്നിലെ തലച്ചോറ് ഹോസ്‌കിൻസണിന്‍റെയും വുഡിന്‍റെയും ആണെങ്കിലും, അവർ കാർഡാനോ ബ്ലോക്ക്‌ചെയിൻ നിയന്ത്രിക്കുകയോ ഓപ്പറേറ്റ് ചെയ്യുകയോ ചെയ്യുന്നില്ല. മുഴുവൻ പ്രോജക്റ്റിനും വേണ്ടിയുള്ള, ലാഭേച്ഛയില്ലാത്ത ഒരു കസ്റ്റോഡിയൽ എന്‍റിറ്റിയായി കാർഡാനോ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നു. ബ്ലോക്ക്ചെയിനിന്‍റെ സുരക്ഷിതത്വം ഉറപ്പാക്കാനും മാർക്കറ്റ് ചെയ്യാനും ഇത് സഹായിക്കുന്നു. അതേസമയം, 2015-ൽ ഹോസ്‌കിൻസണും വുഡും ചേർന്ന് സ്ഥാപിച്ച ഐഒഎച്ച്കെ (IOHK), കാർഡാനോ ബ്ലോക്ക്‌ചെയിനിന്‍റെ രൂപകൽപ്പനയിലും എന്‍ജിനീയറിംഗിലും സഹായിച്ച ഒരു ഗവേഷണ വികസന കമ്പനിയാണ്. കാർഡാനോയെ പിന്തുണയ്ക്കുന്നതിനും അതിന്‍റെ വികസന പ്രവര്‍ത്തനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും ഒരു വലിയ ഫണ്ടിംഗ് സ്ഥാപനമായി പ്രവർത്തിക്കുന്ന എംബാർഗോയും (Embargo) ഉണ്ട്.
ഇനി നമുക്ക് പ്രൊജക്റ്റിനെ കുറിച്ചു തന്നെ പരിശോധിക്കാം.
എന്താണ് കാര്‍ഡാനോ, എന്താണ് എല്ലാവരും അതിനെക്കുറിച്ച് സംസാരിക്കുന്നത്?
കണ്‍സെന്‍സസ് മെക്കാനിസത്തിലെ ഗണിതശാസ്ത്ര ആശയങ്ങളുടെ വിന്യാസം കൊണ്ടും വ്യത്യസ്തമായ മൾട്ടി-ലെയർ ഡിസൈന്‍ കൊണ്ടും എതിരാളികളായ മറ്റ് ബ്ലോക്ക്ചെയിനുകളിൽ നിന്ന് കാർഡാനോ വേറിട്ടുനില്‍ക്കുന്നു. എതീറിയം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച ഒരു ടീമില്‍ നിന്നും വരുന്ന, ക്രിപ്‌റ്റോകറൻസി സൊല്യൂഷനുകളുടെ അടുത്ത തലമുറയാണ് കാർഡാനോ എന്ന് പലരും വിശ്വസിക്കുന്നു.
മറ്റ് ക്രിപ്‌റ്റോകറൻസികളെപ്പോലെ കാർഡാനോ (ADA) ഒരു ഡിജിറ്റൽ ടോക്കണാണ്. അത് ഒരു മൂല്യം കൈവശംവെക്കുന്നതിനും പേയ്‌മെന്‍റുകള്‍ കൈമാറാനും സ്വീകരിക്കാനും ഉപയോഗിക്കാനാകും. എതീറിയത്തിന് സമാനമായി, സ്മാർട്ട് കരാറുകൾ സൃഷ്ടിക്കുന്നതിനും കാർഡാനോയുടെ ബ്ലോക്ക്ചെയിൻ ഉപയോഗിക്കാം. വികേന്ദ്രീകൃതമായ ആപ്പുകളും പ്രോട്ടോക്കോളുകളും വികസിപ്പിക്കുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. കൂടാതെ, വേഗത്തിലും കുറഞ്ഞ നിരക്കിലും പണം കൈമാറ്റം ചെയ്യാനും സ്വീകരിക്കാനുമുള്ള ഇതിന്‍റെ ശേഷി ബിസിനസ്സിലും ധനകാര്യനമേഖലയിലും ദൂരവ്യാപകമായ ചലനങ്ങൾ ഉണ്ടാക്കുന്നു.
മൂന്നാം തലമുറ ബ്ലോക്ക്ചെയിൻ എന്നാണ് കാർഡാനോ സ്വയം വിശേഷിപ്പിക്കുന്നത്. എതീറിയം, ബിറ്റ്കോയിന്‍ എന്നിവ സ്കെയ്‍ലബിലിറ്റിയിലും മറ്റും നേരിടുന്ന ചില വൈഷമ്യങ്ങള്‍ പരിഹരിക്കാൻ ഇത് ലക്ഷ്യമിടുന്നു. നിലവിലുള്ള ഉന്നത സാങ്കേതികവിദ്യയ്ക്ക് മുകളിൽ സൊലൂഷനുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനു പകരം, അത് അടിത്തറയിൽ നിന്ന് ആരംഭിക്കുകയും ഒരു പുതിയ ബ്ലോക്ക്ചെയിൻ സൃഷ്ടിക്കുകയും ചെയ്തു.
ഊറബോറസ് കൺസെൻസസ് മെക്കാനിസത്തെയാണ് (Ouroboros consensus mechanism) ഈ നെറ്റ്‌വർക്ക് ആശ്രയിക്കുന്നത്. പ്രത്യേകമായി നിർമ്മിച്ച, പ്രൂഫ്-ഓഫ്-സ്റ്റേക്ക് (PoS) അടിസ്ഥാനമാക്കിയുള്ള ബ്ലോക്ക്ചെയിൻ ഇക്കോസിസ്റ്റമാണിത്. എല്ലാഘട്ടത്തിലും ലളിതമായും സുരക്ഷിതമായും എഡിഎ (ADA) കൈമാറ്റം ചെയ്യുന്നതും സ്വീകരിക്കുന്നതും ഈ കൺസെൻസസ് മെക്കാനിസം സാധ്യമാക്കുന്നു. കൂടാതെ, കാർഡാനോ ബ്ലോക്ക്ചെയിനിലെ സ്‌മാർട്ട് കരാറുകളുടെ സുരക്ഷയും ഉറപ്പുനൽകുന്നു. തങ്ങളുടെ എഡിഎയെ നെറ്റ്‌വർക്കിലേക്ക് മാറ്റുകയും നെറ്റ്‌വർക്ക് കണ്‍സെന്‍സസിന് സംഭാവന ചെയ്യുകയും ചെയ്യുന്ന ടോക്കൺ ഹോൾഡർമാർക്ക്, ഒരു പിഒസ് കൺസെൻസസ് മെക്കാനിസം എന്ന നിലയിൽ ഊറബോറസ് പ്രതിഫലം നൽകുന്നു.
എന്നിരുന്നാലും, കാര്‍ഡാനോ നെറ്റ്‌വർക്ക് ഇതുവരെ സ്മാർട്ട് കരാറുകൾ അവതരിപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. സെപ്റ്റംബർ 12-ന് “അലോൻസോ” (alonzo) സംബന്ധിച്ച ഒരു അറിയിപ്പ് വരുമെന്ന പ്രതീക്ഷയില്‍, എഡിഎ നിക്ഷേപകർ കാർഡാനോയുടെ മൂല്യത്തെ മുകളിലേക്ക് നയിക്കുകയാണ്. തങ്ങളുടെ ബ്ലോക്ക്ചെയിനിലേക്ക് സ്മാർട്ട്-കരാർ ശേഷി കൂടി കൂട്ടിച്ചേര്‍ക്കുന്ന അലോൻസോ അപ്‌ഡേറ്റിലൂടെ വികേന്ദ്രീകൃത ധനകാര്യ വിപണിയിലെ (DeFi) കരുത്തുറ്റ മത്സരാര്‍ത്ഥി എന്ന സ്ഥാനമുറപ്പിക്കാന്‍ കാർഡാനോയ്ക്ക് കഴിയും. എന്നാല്‍ ഇതിനുമപ്പുറം മറ്റ് ചിലതു കൂടിയുണ്ട്.
മഹത്തായ ഒരു ലക്ഷ്യത്തിനായി ആഗോള തലത്തിലേക്ക് നീങ്ങുക
ആഫ്രിക്കൻ രാജ്യങ്ങൾ പരമ്പരാഗതമായി ധനകാര്യ സാങ്കേതികവിദ്യയെ ഏറ്റവുമാദ്യം സ്വീകരിക്കുന്നവരാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുടനീളം, പ്രധാന സൊലൂഷനുകളില്‍ വളര്‍ന്നു വരുന്ന സാങ്കേതികവിദ്യയുടെ സാന്നിധ്യം കാണാം. ഈ വർഷമാദ്യം, എത്യോപ്യൻ ഗവൺമെന്‍റുമായുള്ള ഒരു പങ്കാളിത്തം ഐഒഎച്ച്കെ പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ചെയിൻ ഇടപാടെന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. പ്രാദേശിക സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പ്രകടനം ട്രാക്ക് ചെയ്യുന്നതിന് ബ്ലോക്ക്ചെയിൻ അധിഷ്ഠിത സംവിധാനം വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടിയാണ് ഈ സഹകരണം.
സ്രോതസ്: ദി ന്യൂയോര്‍ക്ക് ടൈംസ്.
അതിനുശേഷം, ഐഒഎച്ച്കെ എത്യോപ്യയില്‍ ഭൗതിക സാന്നിധ്യം സ്ഥാപിച്ചു. തലസ്ഥാനമായ അഡിസ് അബാബയിൽ കമ്പനി ഒരു ഓഫീസ് തുറക്കുകയും വന്‍കിട ബ്ലോക്ക്ചെയിൻ ഐഡി പ്രോജക്റ്റിന്‍റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 2022 ജനുവരിയോടെ ഈ പദ്ധതിയുടെ അവതരണം സാധ്യമാക്കുന്നത് ലക്ഷ്യമിട്ടായിരുന്നു പ്രവര്‍ത്തനം.
കരാറിന്‍റെ ഭാഗമായി, എത്യോപ്യയിലെ വിദ്യാർത്ഥികൾക്ക് ഒരു ഡിജിറ്റൽ ഐഡന്‍റിറ്റി (DID) നൽകും. ഈ മെറ്റാഡാറ്റയിൽ അവരുടെ വിദ്യാഭ്യാസ കാലയളവിലെ അക്കാദമിക പുരോഗതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അടങ്ങിയിരിക്കും. കാർഡാനോ ബ്ലോക്ക്‌ചെയിനുമായി ബന്ധിപ്പിച്ചിരിക്കുന്ന അടാല പ്രിസം സാങ്കേതികവിദ്യയാണ് (Atala Prism technology) ഇത് ഉപയോഗിക്കുന്നത്.
ഒരു വിദ്യാർത്ഥിയുടെ പഠന പുരോഗതിയുടെ ഓരോ ഘട്ടവും രേഖപ്പെടുത്തുന്ന ഒരു നൂതനാവിഷ്കാരമാണ് ഇത്. ഉദാഹരണത്തിന്, പഠന കാലയളവില്‍ ഉടനീളം ഗണിതശാസ്ത്രത്തിൽ മികവ് പുലർത്തുന്ന ഒരു വിദ്യാർത്ഥിക്ക് ചിലകാരണങ്ങളാല്‍ അവസാന പരീക്ഷയില്‍ വിജയിക്കാനായില്ലെന്ന് കരുതുക. ആ വിദ്യാര്‍ത്ഥിക്ക് അതുമൂലം ഇഷ്ടപ്പെട്ട സർവകലാശാലയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടാം. അത്തരമൊരു സാഹചര്യം പലപ്പോഴും വിദ്യാർത്ഥിയുടെ ഭാവിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.
ഈ വൺ-സ്ട്രൈക്ക് രീതിക്ക് പകരം ഡിഐഡി ഉപയോഗിച്ച് അവരുടെ കഴിവുകളുടെ സമഗ്രമായ വിലയിരുത്തൽ സാധ്യമാക്കുന്നു. തട്ടിപ്പില്‍ നിന്നും വ്യാജരേഖകളില്‍ നിന്നും മുക്തവുമാണ് ഈ രീതി. ബ്ലോക്ക്ചെയിനിന്‍റെ ഘടന ഇതിനെ മാറ്റംവരുത്താനാകാത്തതും എന്നാല്‍ എല്ലാവർക്കും സൗജന്യമായി ആക്സസ് ചെയ്യാവുന്നതുമാക്കുന്നു.
അത് മാത്രമല്ല, ടാൻസാനിയയിലേക്കും എത്യോപ്യയിലേക്കും നിർണായകമായ ചില സേവനങ്ങൾ നൽകുന്നതിന് വേൾഡ് മൊബൈൽ ഗ്രൂപ്പുമായും ഐഒഎച്ച്കെ സഹകരണം പ്രഖ്യാപിച്ചു. പുനരുപയോഗ ഊർജം ഉപയോഗിച്ച് ടാൻസാനിയയിലേക്ക് സുസ്ഥിര ഇന്‍റർനെറ്റ് ലഭ്യമാക്കാന്‍ ഈ കമ്പനികൾ സഹകരിക്കുന്നു. കാർഡാനോ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി കുറഞ്ഞ നിരക്കിലുള്ള നെറ്റ്‌വർക്ക് നോഡുകൾ ഈ പങ്കാളിത്തത്തിന്‍റെ ഭാഗമായി പ്രദാനം ചെയ്യപ്പെടുന്നു.
ഇന്‍റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള പ്രാദേശിക റിലേകളായി ഈ നെറ്റ്‌വർക്ക് നോഡുകൾ വർത്തിക്കും. എത്യോപ്യൻ ഐഡന്‍റിഫിക്കേഷൻ സൊല്യൂഷൻ ആക്‌സസ് ചെയ്യാനും സബ്സ്ക്രൈബേര്‍സിന് കഴിയും. സ്കൂളിംഗിനുള്ള സൊലൂഷനു പകരം, ഇവിടെ സബ്സ്ക്രൈബേര്‍സിന് ഡിജിറ്റൽ ബാങ്കിംഗ് പോലുള്ള സേവനങ്ങൾ ആക്സസ് ചെയ്യാൻ കഴിയും (കാരണം കാര്‍ഡാനോ വിന്യസിച്ചിരിക്കുന്ന പ്ലാറ്റ്ഫോം മറ്റ് നിരവധി ഉപയോഗങ്ങള്‍ സാധ്യമാക്കുന്നതാണ്).
ആഫ്രിക്കയിൽ വിജയിച്ചാൽ കാർഡാനോയുടെ സാധ്യതകൾ പരിധിയില്ലാത്തതായിരിക്കും. ഭാവിയിൽ, ഉപയോക്താക്കളുടെ എണ്ണം ബില്യണ്‍ കണക്കിലായിരിക്കും എണ്ണേണ്ടിവരിക. നൈജീരിയ, റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ ആഫ്രിക്കയിലെ നിരവധി രാജ്യങ്ങളിലേക്ക് പദ്ധതി എത്തിച്ചതിലൂടെ കാർഡാനോയുടെ സ്രഷ്‌ടാക്കൾ കഴിഞ്ഞ അഞ്ച് വർഷമായി ഇതിനോടുള്ള തങ്ങളുടെ സമർപ്പണം തെളിയിച്ചിട്ടുണ്ട്. പ്രധാനമായും ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലെ മനോഭാവത്തെ അടിസ്ഥാനമാക്കിയാണ് ഹോസ്‌കിൻസന്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് രൂപപ്പെടുത്തിയിരിക്കുന്നത്. വികസ്വര രാജ്യങ്ങള്‍ക്ക് അഭിവാഞ്ഛ കൂടുതലാണെന്നും, ഇത് ഇത്തരം മുന്നേറ്റങ്ങൾക്കുള്ള ഏറ്റവും മികച്ചയിടമായി അവയെ മാറ്റുന്നുവെന്നും അദ്ദേഹം വിശ്വസിക്കുന്നു.
ഉപസംഹാരം
നമ്മൾ വിശാലമായി വീക്ഷിക്കുകയാണെങ്കിൽ കാർഡാനോയെ ചുറ്റിപ്പറ്റിയുള്ള സമീപകാല ഹൈപ്പ് തികച്ചും ന്യായമായതാണ്. നിരവധി കാര്യങ്ങള്‍ ഈ പ്രൊജക്റ്റിന് മുന്നോട്ടുവെക്കാനുണ്ട്. കൂടാതെ താല്‍പ്പര്യമുള്ളവര്‍ക്ക് ഇതിനകം ദൃശ്യമാകുന്ന യഥാർത്ഥ ജീവിത അനുഭവങ്ങൾ പ്രോജക്റ്റിന്‍റെ വിശ്വാസ്യത വർധിപ്പിക്കുന്നു
നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.