Table of Contents
കഴിഞ്ഞ വർഷങ്ങളിൽ കലാപ്രേമികൾക്കും നിക്ഷേപകർക്കും ഇടയിൽ NFT കൾ ജനപ്രീതി വർധിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ ആർട്ട് ലക്ഷക്കണക്കിന് ഡോളറിന് വിറ്റുപോയതിനാൽ, ചില ട്രേഡർമാർ പെട്ടെന്ന് പണം സമ്പാദിക്കാൻ NFT-കൾ വാങ്ങാൻ തിരക്കുകൂട്ടുന്നു. ഇതൊരു താൽക്കാലിക ഭ്രമമാണോ അതോ നിയമാനുസൃതമായ നിക്ഷേപ വിഭാഗമാണോ എന്നത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നു. മറുവശത്ത്, ആർട്ടിസ്റ്റുകൾക്കും കോണ്ടന്റ് ക്രിയേറ്റർമാർക്കും ആകർഷകമായ ഒരു സംഭവവികാസമാണ് NFT-കൾ. നിങ്ങളുടെ ആദ്യ NFT എങ്ങനെ സൃഷ്ടിക്കാം എന്ന് നോക്കാം, ഇത് NFT മിന്റിംഗ് എന്നും അറിയപ്പെടുന്നു.
NFT: ഒരു പ്രാരംഭ ആമുഖം
നോൺ-ഫൻജിബിൾ ടോക്കണുകൾ, അല്ലെങ്കിൽ NFT-കൾ എന്നത് കൈമാറ്റം ചെയ്യാനും വാങ്ങാനും വിൽക്കാനും കഴിയുന്ന ഒരു തരം ഡിജിറ്റൽ അസറ്റുകളാണ്. ചില വെർച്വൽ മേഖലൾക്ക്, അവ കലാസൃഷ്ടിയുടെ രൂപമോ ഇൻ-ഗെയിം മെറ്റീരിയലോ ആയി മാറുന്നു. ഓരോ NFT-യും അതുല്യമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ, അതിന്റെ മെറ്റാഡാറ്റ കോഡുകൾ ബ്ലോക്ക്ചെയിനിൽ സൂക്ഷിച്ചിരിക്കുന്നു.
NFT-കൾ ഡിജിറ്റൽ ട്രേഡിംഗ് കാർഡുകൾക്ക് സമാനമാണ്; എന്നിരുന്നാലും, ഓരോന്നും അതുല്യമാണ്. ബിറ്റ്കോയിൻ പോലുള്ള മറ്റ് ഡിജിറ്റൽ അസറ്റുകളിൽ നിന്ന് വ്യത്യസ്തമായി, ഓരോന്നും ഒരെണ്ണമേ ഉള്ളൂ, ഡ്യൂപ്ലിക്കേറ്റുകളില്ല. ഈ രീതിയിൽ, കൈവശമുള്ള ഡിജിറ്റൽ ഉള്ളടക്കത്തിന്റെ പ്രത്യേകത സംരക്ഷിക്കപ്പെടുന്നു.
NFT മിന്റിംഗ്?: ഒരു ആകമാന വീക്ഷണം
NFT-കളുടെ കാര്യത്തിൽ, ഒരു ഡിജിറ്റൽ അസറ്റ് സ്വന്തമാക്കി അതിനെ ഒരു ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ അസറ്റാക്കി മാറ്റുന്ന പ്രക്രിയയാണ് മിന്റിംഗ്. ഇത് അതിനെ വാങ്ങുകയും വിൽക്കുകയും ചെയ്യാവുന്ന ഒരു ഡിജിറ്റൽ അസ്സറ്റാക്കുന്നു.
മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഇലക്ട്രോണിക്കായി രൂപീകരിക്കുന്ന ഏതൊരു ഫയലും ഡിജിറ്റൽ അസറ്റ് ആണ്. ഇതൊരു ചിത്രമോ ലേഖനമോ വീഡിയോയോ മറ്റെന്തെങ്കിലുമോ ആകാം. മിന്റിംഗ് എന്നത് ഒരു ഡിജിറ്റൽ അസ്സറ്റിനെ എഥീറിയം പോലുള്ള ഒരു ബ്ലോക്കുചെയിനിനോട് ചേർത്ത് ഒരു NFT ആയി പരിവർത്തനം ചെയ്യുന്നതാണ്.
ബ്ലോക്ക്ചെയിൻ എന്നത് ഒരു വികേന്ദ്രീകൃത ഡിജിറ്റൽ ലെഡ്ജറാണ്, ഒരു ഇനം ചേർത്തുകഴിഞ്ഞാൽ അത് ഭേദഗതി ചെയ്യാനോ മാറ്റാനോ നശിപ്പിക്കാനോ കഴിയില്ല. അതിനാൽ, ഒരിക്കൽ ഈ അസറ്റ് ഒരു NFT ആയി മിന്റ് ചെയ്ത് വാലിഡേറ്റ് ചെയ്തുകഴിഞ്ഞാൽ ഇത് ഒരു NFT വിപണിയിൽ വിൽക്കാവുന്നതാണ്.
ഒരു NFT മിന്റ് ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ
ഓരോ NFT മിന്റർക്കും മിന്റിംഗ് തുടങ്ങാൻ പ്രേരകമായി പല കാരണങ്ങളും ഉണ്ടാകാമെങ്കിലും, നിങ്ങൾ NFT മിന്റ് ചെയ്യുന്നതിന് മുമ്പ് നിങ്ങൾക്ക് പരിഗണിക്കാവുന്ന ചില പൊതു പ്രയോജനങ്ങളുണ്ട്:
• ഉടമസ്ഥാവകാശം ജനാധിപത്യവൽക്കരിക്കുക: ഒരു NFT രൂപീകരിക്കുന്നതിലൂടെ, പല കക്ഷികൾക്കും ഡിജിറ്റൽ അസറ്റിന്റെ ഒരു ഷെയർ കൈവശം വെക്കാനാകും.
• വ്യതിരിക്തമായ ഡിജിറ്റൽ അസറ്റുകൾ വിൽക്കുക: നിങ്ങൾക്ക് അസ്സറ്റുകളിൽ ഓഹരികൾ കൈമാറ്റം ചെയ്യാനും വാങ്ങാനും വിൽക്കാനും മാത്രമല്ല, ഭാവിയിൽ കലാകാരന്മാർക്ക് ലാഭത്തിന്റെ ശതമാനം ലഭിക്കാനും സാധ്യതയുണ്ട്.
• മൂല്യം സംഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക: ഒരു വില പിടിച്ച ലോഹം കൊണ്ടുള്ള ഒരു യഥാർത്ഥ നാണയം നിർമ്മിക്കുന്നതിന് സമാനമായി, ഒരു അസറ്റിന്റെ മൂല്യം ഇന്ദ്രിയഗോചരമായ രീതിയിൽ സുവ്യക്തമായി സൂക്ഷിക്കാം. കൂടാതെ, ബ്ലോക്ക്ചെയിനിന്റെ സുരക്ഷയും NFT-കളുടെ അവിഭാജ്യമായ ദൗർലഭ്യവും കാരണം, സമ്പത്ത് ഡിജിറ്റലായി സംഭരിക്കുന്നത് സാധാരണയായി സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു.
ഒരു NFT മിന്റ് ചെയ്യുന്നത് എങ്ങനെ? – ഒരു പൊതുവായ പ്രക്രിയ
NFT നിർമ്മിക്കാൻ ഉദ്ദേശിക്കുന്നവർ ഏത് ടൂളുകൾ ഉപയോഗിക്കണം എന്നതിനെ കുറിച്ച് ആത്മവിശ്വാസത്തോടെയുള്ള തിരഞ്ഞെടുപ്പുകൾ നടത്തേണ്ടതുണ്ടെങ്കിലും, NTF നിർമ്മിക്കുന്നതിനുള്ള അടിസ്ഥാന പ്രക്രിയ പൊതുവെ സമാനമാണ്.
ഘട്ടം 1 – അതുല്യമായ ഒരു അസറ്റ് സൃഷ്ടിക്കുക.
നിങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഒരു തനതായ അസറ്റ് തിരഞ്ഞെടുക്കുക എന്നതാണ് NFT-കൾ മിന്റ് ചെയ്യുന്നതിനുള്ള ആദ്യപടി. അതിനു ശേഷം, ഇൻ-ഗെയിം ഉപകരണങ്ങൾ മുതൽ ഡിജിറ്റൽ ട്രേഡിംഗ് കാർഡുകൾ വരെ ഡിജിറ്റൽ ഉള്ളടക്കത്തിന്റെ വിശാലമായ ഒരു നിരതന്നെയുണ്ട്.
ഡിജിറ്റൽ ആർട്ടിന്റെ ഒരു രൂപമായ ഒരു NFT സൃഷ്ടിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കരുതുക. നിങ്ങളുടെ ഡിജിറ്റൽ ആർട്ട് വർക്ക് ബ്ലോക്ക്ചെയിൻ ഡാറ്റയിലേക്ക് നിങ്ങൾ പരിവർത്തനം ചെയ്യേണ്ടതുണ്ട്. NFT-കൾക്ക്, എഥീറിയം ബ്ലോക്ക്ചെയിൻ ആണ് അഭികാമ്യം.
ഘട്ടം 2 – ടോക്കണുകൾ വാങ്ങുക
നിങ്ങൾ തിരഞ്ഞെടുത്ത ബ്ലോക്ക്ചെയിനുമായി പൊരുത്തപ്പെടുന്ന ക്രിപ്റ്റോകറൻസി നിങ്ങൾ വാങ്ങേണ്ടതുണ്ട്. വാസ്തവത്തിൽ, ബ്ലോക്ക്ചെയിൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന വാലറ്റ് സേവനങ്ങളെയും മാർക്കറ്റ്പ്ലെയ്സുകളെയും സ്വാധീനിക്കും. എന്നിരുന്നാലും, ചില വാലറ്റ് സേവനങ്ങളും വിപണികളും നിർദ്ദിഷ്ടമായ ചിലതിൽ മാത്രമേ പ്രവർത്തിക്കൂ.
എഥീറിയത്തിലെ ഇടപാടുകൾക്ക് പണം നൽകുന്നതിന്, എഥീറിയത്തിന്റെ നേറ്റീവ് കോയിൻ ആയ ഈഥർ (ETH) നിങ്ങൾ സ്വന്തമാക്കേണ്ടതുണ്ട്. വിശ്വസനീയമായ ഒരു ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിലേക്ക് പോകുക എന്നതാണ് ഏറ്റവും ലളിതമായ രീതി.
ഘട്ടം 3 – നിങ്ങളുടെ നോൺ-കസ്റ്റോഡിയൽ വാലറ്റിലേക്ക് ക്രിപ്റ്റോകറൻസി ചേർക്കുക.
നിങ്ങളുടെ ക്രിപ്റ്റോ സംഭരിക്കുന്നതിന്, ഇന്റർനെറ്റുമായി ലിങ്ക് ചെയ്തിരിക്കുന്ന ഒരു ഹോട്ട് വാലറ്റ് നിങ്ങൾക്ക് ആവശ്യമാണ്. ഉപയോക്താക്കളെ അവരുടെ അക്കൗണ്ടുകളുമായും ബിറ്റ്കോയിൻ നെറ്റ്വർക്കുമായും ഇന്റർഫേസ് ചെയ്യാൻ അനുവദിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ക്രിപ്റ്റോകറൻസി വാലറ്റ്.
ഒരു മൂന്നാം കക്ഷി പങ്കാളിത്തമില്ലാതെ, നിങ്ങളുടെ അസറ്റുകളുടെ മേൽ പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കാൻ NFT മിന്റിംഗിന് ഒരു നോൺ-കസ്റ്റോഡിയൽ വാലറ്റ് ആവശ്യമാണ്. നിങ്ങളുടെ വാലറ്റിന്റെ സ്വകാര്യ കീകൾ നിങ്ങളുടേതായിരിക്കും.
അതേസമയം, ഒരു ക്രിപറ്റോ എക്സ്ചേഞ്ച് നിങ്ങൾക്ക് നൽകിയേക്കാവുന്ന ഒന്നാണ് കസ്റ്റോഡിയൽ വാലറ്റ്. നിങ്ങളുടെ സ്വകാര്യ കീകളുടെ മേൽ നിങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കില്ല, എന്നിരുന്നാലും അവ സൗകര്യപ്രദമായി കൈകാര്യം ചെയ്യാനാകും.
ഘട്ടം 4 – നിങ്ങൾ തിരഞ്ഞെടുത്ത NFT വിപണിയിലേക്ക് അസറ്റുകൾ തിരഞ്ഞെടുത്ത് ചേർക്കുക..
അടുത്ത ഘട്ടം, ലഭ്യമായ മാർക്കറ്റ്പ്ലെയ്സിൽനിന്നും ഒരു NFT മാർക്കറ്റ്പ്ലെയ്സ് തിരഞ്ഞെടുക്കുക എന്നതാണ്. ഓപ്പൺസീ, WazirX NFT മാർക്കറ്റ്പ്ലെയ്സ്, റാറിബിൾ തുടങ്ങിയ വിപണികളെല്ലാം NFT മൈനർമാർക്ക് അനുയോജ്യമാണ്.
ചില എക്സ്ചേഞ്ചുകൾ ഉപഭോക്താക്കളിൽ നിന്ന് മിന്റിംഗ് ഫീസ് ഈടാക്കുന്നു, കൂടാതെ ഒരു അക്കൗണ്ട് സജ്ജീകരിക്കുന്നതിനും ഒരു NFT ലിസ്റ്റ് ചെയ്യുന്നതിനും പ്ലാറ്റ്ഫോമിൽ ട്രേഡിംഗ് നടത്തുന്നതിനും കൂടുതലായ നിരക്കുകൾ ഈടാക്കിയേക്കാം. നിങ്ങളുടെ മാർക്കറ്റ്പ്ലെയ്സ് ബുദ്ധിപൂർവം തിരഞ്ഞെടുക്കുക!
ഘട്ടം 5 – നിങ്ങളുടെ ഡിജിറ്റൽ ആർട്ട് വർക്ക് നിങ്ങളുടെ NFT ശേഖരത്തിലേക്ക് അപ്ലോഡ് ചെയ്യുക.
നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ച് ഒരു NFT സൃഷ്ടിക്കുന്നതിന് ഓരോ മാർക്കറ്റ്പ്ലെയ്സിനും അതിന്റേതായ സ്റ്റെപ്പുകൾ ഉണ്ടെങ്കിലും, അടിസ്ഥാന തത്വം ഒന്നുതന്നെയാണ്:
- നിങ്ങൾ മിന്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ആർട്ട് വർക്ക് തിരഞ്ഞെടുക്കുക,
- ചില വിവരങ്ങൾ നൽകുക (ശേഖരത്തിന്റെ പേര്, വിവരണം മുതലായവ), എന്നിട്ട്
- മിന്റിംഗ് പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങളുടെ ശേഖരത്തിലേക്ക് അസറ്റ് ചേർക്കുക.
നിങ്ങളുടെ NFT-കൾ നിങ്ങളുടെ ശേഖരത്തിൽ വരുമ്പോൾ അവ ലിസ്റ്റുചെയ്യാനും വിപണനം ചെയ്യാനും വിൽക്കാനും തുടങ്ങാം.
ഉപസംഹാര വാക്കുകൾ
NFT-കൾ നിർമ്മിക്കുന്നതിനുള്ള പ്രക്രിയ ഓരോ പ്ലാറ്റ്ഫോമിലും വളരെ വ്യത്യസ്തമാണ്, പക്ഷേ തത്വങ്ങൾ ഒന്നു തന്നെയാണ്. നിങ്ങൾക്ക് വേണ്ടത് ഒരു വ്യതിരിക്ത ഡിജിറ്റൽ അസറ്റ്, ടോക്കണുകൾ, ഒരു നോൺ-കസ്റ്റോഡിയൽ ഹോട്ട് വാലറ്റ്, പ്രശസ്തവും വിശ്വസനീയവുമായ NFT മാർക്കറ്റ്പ്ലെയ്സ് എന്നിവയാണ്.
നിരാകരണം: ക്രിപ്റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.