
Table of Contents
ശ്രദ്ധിക്കുക: ഈ ബ്ലോഗ് ഒരു ബാഹ്യ ബ്ലോഗർ എഴുതിയതാണ്. ഈ പോസ്റ്റിൽ ആവിഷ്ക്കരിച്ചിട്ടുള്ള വീക്ഷണങ്ങളും അഭിപ്രായങ്ങളും രചയിതാവിന്‍റേതു മാത്രമാണ്.
ഇന്ത്യയിലെ ക്രിപ്‌റ്റോ രംഗം ഇപ്പോഴും അതിന്‍റെ പ്രാരംഭഘട്ടങ്ങളിലാണ്. നയരൂപകർത്താക്കൾ ഇപ്പോഴും ഈ മേഖലയിൽ നിയന്ത്രണം കൊണ്ടുവരുന്നത് എങ്ങനെയെന്ന് തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെങ്കിലും, ഉപയോക്താക്കളുടെ എണ്ണത്തിൽ നിന്ന് വ്യക്തമാകുന്നതുപോലെ, ക്രിപ്റ്റോയിൽ നിക്ഷേപിക്കാൻ ഇന്ത്യൻ പൗരന്മാർ വ്യക്തമായ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
“ഇന്ത്യയിൽ 1 കോടി ക്രിപ്‌റ്റോകറൻസി ഉപയോക്താക്കളുണ്ടെന്ന് കണക്കാക്കപ്പെടുന്നു, ആഗോളതലത്തിൽ അത് 10 കോടിയും.”
ബിസിനസ് ലൈൻ (മാർച്ച് 2021)
2022-23 സാമ്പത്തിക വർഷം മുതൽ ‘ഡിജിറ്റൽ ആസ്തികൾ’ക്ക് നികുതി ചുമത്താൻ ധനകാര്യ ബിൽ 2022 നിർദ്ദേശിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിന് മുമ്പുള്ള ക്രിപ്‌റ്റോയുടെ നികുതി സംബന്ധിച്ച് ഇത് ഒരു അനിശ്ചിതത്വം സൃഷ്ടിക്കുന്നു. അതിനാൽ, നിയന്ത്രണ രംഗത്ത് കുറച്ചുകൂടി വ്യക്തത വരുന്നതുവരെ, ക്രിപ്‌റ്റോയിലെ ഇടപാടുകൾക്ക് എങ്ങനെ നികുതി ചുമത്തണം? നികുതിയിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങുന്നതിന് മുമ്പ്, ക്രിപ്‌റ്റോയെ കുറിച്ച് രാജ്യത്ത് നിലവിലുള്ള ധാരണ എന്താണെന്ന് നമുക്ക് നോക്കാം.
ക്രിപ്‌റ്റോയെ കുറിച്ചുള്ള ധാരണ
ഇന്ന്, പലരും ക്രിപ്‌റ്റോയെ നിക്ഷേപത്തിന് അനുയോജ്യമായ ഒരു ആസ്തി വിഭാഗമായി കാണുന്നു. ക്രിപ്‌റ്റോ കൈവശംവയ്ക്കുന്നവർക്കും നയരൂപകർത്താക്കൾക്കും ക്രിപ്‌റ്റോയെ കുറിച്ചുള്ള ധാരണ അതിന് നികുതി ചുമത്തുന്ന കാര്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അനുരാഗ് സിംഗ് താക്കൂറും (ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം) ഇങ്ങനെ പ്രസ്താവിച്ചു, “ക്രിപ്‌റ്റോകറൻസികൾ/ആസ്തികളുടെ കൈമാറ്റം മൂലമുണ്ടാകുന്ന നേട്ടങ്ങൾ, അവ കൈവശം വയ്ക്കുന്ന സ്വഭാവത്തെ ആശ്രയിച്ച്, ഒരു വരുമാനത്തിന്‍റെ കീഴിലുള്ള നികുതിക്ക് വിധേയമാണ്.”
നികുതി നിയമങ്ങൾ എന്താണ് പറയുന്നത്?
നികുതി 2 രൂപത്തിലാകാം: പ്രത്യക്ഷമായും പരോക്ഷമായും. പ്രത്യക്ഷനികുതിക്ക് 1961-ലെ ആദായനികുതി നിയമമാണ് ഏറ്റവും പ്രസക്തമായ നിയമം. പരോക്ഷനികുതിക്ക്, 2017-ലെ കേന്ദ്ര ചരക്ക് സേവന നികുതി (CGST) നിയമവും അതിന്‍റെ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശത്തെ പതിപ്പുകളുമാണ് നിലവിലുള്ള നിയമങ്ങൾ. നമുക്ക് ഇവ വിശദമായി വിശകലനം ചെയ്യാം:
ക്രിപ്‌റ്റോയും ആദായനികുതി നിയമവും
നമുക്ക് ക്രിപ്‌റ്റോയുടെ നികുതിവ്യവസ്ഥയെ 2022-23 സാമ്പത്തിക വർഷത്തിന് മുമ്പുള്ളതും അത് മുതലുള്ളതും എന്നിങ്ങനെ രണ്ടായി വിഭജിക്കാം.
FY 2022-23-ന് മുമ്പ് (FY 2021-22-ന്):
ശമ്പളം, വീടും സ്ഥലവും, ബിസിനസ്സ് (അല്ലെങ്കിൽ തൊഴിൽ), മൂലധന നേട്ടം, മറ്റ് സ്രോതസ്സുകൾ എന്നിങ്ങനെ അഞ്ച് വരുമാന തലങ്ങളുണ്ടെന്ന് ഇന്ത്യൻ നികുതിവ്യവസ്ഥയെക്കുറിച്ച് പഠിച്ച ആരും നിങ്ങളോട് പറയും. ധനകാര്യ ബിൽ 2022 പുറത്തിറക്കുന്നതിന് മുമ്പ്, ഒരു നികുതി നിയമത്തിലും ‘ക്രിപ്റ്റോ’ അല്ലെങ്കിൽ ‘ക്രിപ്‌റ്റോകറൻസി’ എന്ന പദങ്ങൾ എവിടെയും ഉപയോഗിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കുക. മിക്ക ആളുകളും ക്രിപ്‌റ്റോയെ ഒരു നിക്ഷേപ മാർഗമായി കാണുന്നതിനാൽ, ആദായ നികുതി നിയമത്തിന്‍റെ മൂലധന നേട്ടത്തിന്‍റെ വശം നമുക്ക് ആദ്യം വിശകലനം ചെയ്യാം.
മൂലധന നേട്ടങ്ങൾ:
മൂലധന നേട്ടങ്ങളുടെ ചാർജ്ജിംഗ് സെക്ഷൻ, ആദായനികുതി നിയമം, 1961-ലെ സെക്ഷൻ 45, ഒരു ‘മൂലധന ആസ്തി’ കൈമാറ്റം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ലാഭത്തിനോ നേട്ടത്തിനോ നികുതി ചുമത്തുന്നു. സെക്ഷൻ 2(14), ‘മൂലധന ആസ്തി’ എന്ന പദത്തിന്‍റെ നിർവചനത്തിൽ, അതിൽ “…ഒരു നികുതിദായകന്‍റെ കൈവശമുള്ള ഏതെങ്കിലും തരത്തിലുള്ള സ്വത്തും, അത് അയാളുടെ ബിസിനസ്സുമായോ തൊഴിലുമായോ ബന്ധപ്പെട്ടതോ അല്ലാത്തതോ ആണെങ്കിലും “ ഉൾപ്പെടുമെന്ന് പ്രസ്താവിക്കുന്നു. ഇത് നികുതി ഈടാക്കൽ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതായി തോന്നുന്നതിനാൽ, നമുക്ക് നികുതിയുടെ കണക്കുകൂട്ടലുമായി മുന്നോട്ട് പോകാം.
മൂലധന നേട്ടങ്ങളുടെ കണക്കുകൂട്ടൽ സാധാരണയായി താഴെ പറയുന്ന മാർഗ്ഗങ്ങളിലായിരിക്കും:
വിൽപ്പന മൂല്യം | |
(-) | വിൽപനയുമായി ബന്ധപ്പെട്ട് പൂർണ്ണമായി ചെലവഴിച്ച തുക |
വിൽപ്പനയുടെ നെറ്റ് മൂല്യം | |
(-) | (ഇൻഡെക്സ് ചെയ്തത്) ഏറ്റെടുക്കൽ ചെലവ് |
(-) | (ഇൻഡെക്സ് ചെയ്തത്) മെച്ചപ്പെടുത്തുന്ന ചെലവ് |
മൂലധന നേട്ടം |
വിൽപനയുമായി ബന്ധപ്പെട്ടുള്ള ചെലവ് പൊതുവെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ഈടാക്കുന്ന ബ്രോക്കറേജ് (അങ്ങനയൊന്ന് ഉണ്ടെങ്കിൽ) ആയിരിക്കും. ക്രിപ്‌റ്റോയുടെ കാര്യത്തിൽ മെച്ചപ്പെടുത്തൽ ചിലവ് ഉണ്ടാകില്ല. കൈവശംവയ്ക്കുന്ന കാലയളവ് 3 വർഷത്തിൽ കൂടുതലാണെങ്കിൽ (ദീർഘകാലത്തേക്ക്) മാത്രമേ ഇൻഡെക്സേഷൻ ആനുകൂല്യം ലഭ്യമാകൂ. ഹ്രസ്വകാല മൂലധന നേട്ട നികുതി ബാധകമായ സ്ലാബ് നിരക്കിൽ ഈടാക്കും, അതേസമയം ദീർഘകാല മൂലധന നേട്ട നികുതി 20% ഫ്ലാറ്റ് നിരക്കിൽ ഈടാക്കും.
ക്രിപ്‌റ്റോ വാങ്ങുന്നതിനു പകരം നിങ്ങൾ അത് മൈൻ ചെയ്‌തിരുന്നെങ്കിലോ? വ്യക്തമായി നിർണയിക്കാവുന്ന ഏറ്റെടുക്കൽ ചെലവ് ഉണ്ടാകുമോ? ക്രിപ്‌റ്റോ മൈനിംഗ് ലാഭകരമാക്കുന്നതിന് കാര്യമായ ഹാർഡ്‌വെയറും വൈദ്യുതിയും മറ്റ് ചെലവുകളും ഉണ്ട്. ഈ ചെലവുകൾ ഏറ്റെടുക്കൽ ചെലവായി കണക്കാക്കാമോ? അത്തരം ചെലവുകൾ കൃത്യമായി കണക്കാക്കാൻ കഴിയുമോ? CIT v. B.C. ശ്രീനിവാസ ഷെട്ടി (1981) കേസിലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ യുക്തി നമ്മൾ ഉപയോഗിക്കുകയാണെങ്കിൽ, ഏറ്റെടുക്കൽ ചെലവ് കൃത്യമായി തിട്ടപ്പെടുത്താൻ കഴിയുമെങ്കിൽ മാത്രമേ സെക്ഷൻ 48-ലെ വ്യവസ്ഥകൾ (മൂലധന നേട്ടം കണക്കാക്കുന്നതിന്) പ്രയോഗിക്കാൻ കഴിയൂ എന്ന് നിഗമനം ചെയ്യാം. ക്രിപ്‌റ്റോ മൈനിംഗിന്‍റെ കാര്യത്തിൽ ഏറ്റെടുക്കൽ ചെലവ് കൃത്യമായി കണ്ടെത്താൻ സാധിക്കാത്തതിനാൽ മൂലധന നേട്ട നികുതി ഈടാക്കാൻ പാടില്ല.
ബിസിനസ്സ്:
നേരത്തെ സൂചിപ്പിച്ചതുപോലെ, ക്രിപ്‌റ്റോ ലാഭകരമായി മൈനിംഗ് ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളിൽ കാര്യമായ നിക്ഷേപം ആവശ്യമാണ്. നിങ്ങൾ അത്തരമൊരു നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾ കൈവശം വച്ചിരിക്കുന്ന ക്രിപ്‌റ്റോ കേവലം ഒരു നിക്ഷേപ രൂപമാണെന്ന് അപ്പോഴും പറയാമോ? ഇത് നമ്മെ രണ്ടാമത്തെ വീക്ഷണത്തിലേക്ക് കൊണ്ടുവരുന്നു. അതായത്, നികുതിദായകൻ ക്രിപ്റ്റോ (മൈനിംഗ് ഉൾപ്പെടെ) വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നു. അത്തരം ബിസിനസ്സിൽ നിന്നുള്ള വരുമാനം ‘ബിസിനസ് അല്ലെങ്കിൽ തൊഴിലിൽ നിന്നുള്ള ലാഭവും നേട്ടങ്ങളും’ എന്നതിന് കീഴിൽ നികുതി ഈടാക്കും. കണക്കുകൂട്ടൽ താരതമ്യേന ലളിതമാണ് – ക്രിപ്റ്റോയെ നിങ്ങളുടെ ഇൻവെന്‍ററിയായി കണക്കാക്കുകയും നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾക്കനുസരിച്ച് നിങ്ങളുടെ ബിസിനസ്സിന്‍റെ അറ്റാദായം കണക്കാക്കുകയും ചെയ്യുക.
മറ്റ് സ്രോതസ്സുകൾ:
നിങ്ങളുടെ ക്രിപ്‌റ്റോ പോർട്ട്‌ഫോളിയോയെ നിങ്ങളുടെ മൂലധന ആസ്തിയായോ ബിസിനസ്സായോ നിങ്ങൾ കാണുന്നില്ലെങ്കിൽപ്പോലും, അതിൽ നിന്ന് നിങ്ങൾ നേടുന്ന വരുമാനത്തിന്, ‘മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം’ എന്നതിന് കീഴിൽ ബാധകമായ സ്ലാബ് നിരക്കിൽ നികുതി ഈടാക്കും.
FY 2022-23 മുതൽ:
01.04.2022-ന് പ്രാബല്യത്തിൽ വരുന്ന ധനകാര്യ ബിൽ 2022, ക്രിപ്‌റ്റോയുടെ നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. ധനകാര്യ ബില്ലിലെ ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ ഇനിപ്പറയുന്ന രീതിയിൽ സംഗ്രഹിക്കാം:
- ക്രിപ്‌റ്റോയും NFT-കളും എന്ന് നമ്മൾ പൊതുവെ മനസ്സിലാക്കുന്നത് ഉൾപ്പെടുന്ന ‘വെർച്വൽ ഡിജിറ്റൽ അസറ്റ്’ എന്ന പദം അത് ആദ്യം ഉപയോഗിച്ചു.
- മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം കൈകാര്യം ചെയ്യുന്ന സെക്ഷൻ 56(2)-ന്‍റെ ഉദ്ദേശ്യങ്ങൾക്കായി ‘പ്രോപ്പർട്ടി’ എന്ന അർത്ഥത്തിൽ ‘വെർച്വൽ ഡിജിറ്റൽ അസറ്റ്’ ഉൾപ്പെടുത്തിയിട്ടുണ്ട്.
- അത് വെർച്വൽ അസറ്റിന്‍റെ കൈമാറ്റത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു ഫ്ലാറ്റ് നിരക്ക് ഈടാക്കുന്ന സെക്ഷൻ 115 BBH, 115 BBI എന്നിവ അവതരിപ്പിച്ചു. അത് വാങ്ങൽ മൂല്യം മാത്രം കിഴിവായി അനുവദിക്കുന്നു. മറ്റ് വരുമാന സ്രോതസ്സുകളുമായി ഈ സെക്ഷന് കീഴിലുള്ള നഷ്ടങ്ങളുടെ തട്ടിക്കിഴിക്കൽ അനുവദനീയമല്ല.
- വിൽപ്പന മൂല്യം ഇനിപ്പറയുന്ന തുക കവിഞ്ഞാൽ, മൂല്യം നൽകുന്നതിന് ഉത്തരവാദിയായ വ്യക്തി 1% നിരക്കിൽ നികുതി അതിന്‍റെ ഉറവിടത്തിൽ കുറയ്ക്കണമെന്ന് നിഷ്കർഷിക്കുന്ന വകുപ്പ് 194S ഉൾപ്പെടുത്തൽ:
50,000 രൂപ, പണം കൈപ്പറ്റുന്ന ആൾ ഒരു ‘നിർദ്ദിഷ്‌ട വ്യക്തി’ ആയിരിക്കുമ്പോൾ
10,000 രൂപ മറ്റ് സാഹചര്യങ്ങളിൽ.
എന്നിരുന്നാലും, ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ട്.
ക്രിപ്‌റ്റോയും GST നിയവും
CGST നിയമത്തിലെ ചാർജ്ജിംഗ് സെക്ഷൻ, സെക്ഷൻ 9, ‘ചരക്കുകളുടെ’ അല്ലെങ്കിൽ ‘സേവനങ്ങളുടെ,’ അല്ലെങ്കിൽ രണ്ടിന്‍റെയും, സംസ്ഥാനത്തിനുള്ളിലെ എല്ലാ ‘വിതരണ’ത്തിനും കേന്ദ്ര GST ചുമത്തുമെന്ന് പറയുന്നു. അങ്ങനെ, ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട ഇടപാടുകൾ GST-യുടെ പരിധിക്കുള്ളിലായിരിക്കണമെങ്കിൽ, അത് ‘ചരക്കുകളുടെ’ അല്ലെങ്കിൽ ‘സേവനങ്ങളുടെ’ ഒരു ‘വിതരണം’ ആയിരിക്കണം. CGST നിയമം സെക്ഷൻ 7-ന് കീഴിൽ ‘വിതരണം’ എന്നതിന്‍റെ എല്ലാം ഉൾക്കൊള്ളുന്ന ഒരു നിർവചനം നൽകുന്നു, അത് ഇനിപ്പറയുന്ന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു:
- ഒരു ‘വിതരണം’ ഉണ്ടായിരിക്കണം (ഇതിൽ വിൽപ്പന, കൈമാറ്റം, ലൈസൻസ്, ഇടപാട്, വാടക, പാട്ടം മുതലായവ ഉൾപ്പെടുന്നു)
- ഒരു ഉടമ്പടി ഉണ്ടായിരിക്കണം (വാക്കാലുള്ളതോ രേഖാമൂലമുള്ളതോ മൗനാനുവാദം നൽകുന്നതോ സൂചിപ്പിക്കുന്നതോ മറ്റോ)
- ഒരു മൂല്യം നൽകാൻ
- ഒരു വ്യക്തി മുഖേന
- ബിസിനസ്സിന്‍റെ നടത്തിപ്പിന് അല്ലെങ്കിൽ പുരോഗതിക്കായി
ക്രിപ്‌റ്റോ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്രവൃത്തി മുകളിൽ സൂചിപ്പിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കും. ക്രിപ്‌റ്റോ ഒന്നുകിൽ ‘ചരക്കുകൾ’ അല്ലെങ്കിൽ ‘സേവനങ്ങൾ’ ആയിരിക്കുമോ എന്നതാണ് കാണാനുള്ളത്. നിയമത്തിലെ “ചരക്കുകൾ” എന്ന പദത്തിന്‍റെ നിർവചനത്തിൽ ഇത് ഉൾപ്പെടുന്നു: “…പണവും സെക്യൂരിറ്റികളും ഒഴികെയുള്ള എല്ലാത്തരം ജംഗമ സ്വത്തുക്കളും…” സേവനങ്ങളുടെ നിർവചനത്തിൽ ഇവ ഉൾപ്പെടുന്നു: “…ചരക്കുകൾ, പണം, സെക്യൂരിറ്റികൾ എന്നിവയല്ലാത്ത മറ്റെന്തും…”. അതുകൊണ്ട്, CGST ആക്റ്റ്, 2017 പ്രകാരം നൽകിയിരിക്കുന്ന ‘സേവനങ്ങൾ’ എന്നതിന്‍റെ നിർവചനത്തിന് കീഴിൽ ക്രിപ്റ്റോ വരും.
മേൽപ്പറഞ്ഞവയെ അടിസ്ഥാനമാക്കി, ക്രിപ്‌റ്റോ ഇടപാടുകൾ GST ബാധ്യതയുള്ളതാണെന്ന് നിഗമനം ചെയ്യാം. ബാധകമായ നികുതി നിരക്ക് സേവനങ്ങൾക്കായുള്ള 18% റെസിഡ്യൂൽ നികുതി നിരക്കായിരിക്കും. എന്നിരുന്നാലും, ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള വിറ്റുവരവ് 20 ലക്ഷം കവിഞ്ഞാൽ മാത്രമേ GST നിയമത്തിന് കീഴിൽ രജിസ്ട്രേഷന് ബാധ്യതയുള്ളൂ.
ക്രിപ്‌റ്റോ മൈനിംഗിനെ കുറിച്ചുള്ള ചോദ്യം അവശേഷിക്കുന്നു. ക്രിപ്‌റ്റോ മൈനിംഗ് എന്നത് സങ്കീർണ്ണമായ ക്രിപ്‌റ്റോഗ്രാഫിക് സമവാക്യങ്ങൾക്ക് ഉത്തരം കാണുന്ന പ്രക്രിയയാണ്, അത് ബ്ലോക്ക്ചെയിൻ നെറ്റ്‌വർക്കിലേക്കുള്ള ഒരു ക്രിപ്‌റ്റോ ഇടപാടിന്‍റെ പരിശോധിച്ചുറപ്പാക്കലിലേക്കും ആക്സസിലേക്കും നയിക്കുന്നു. മൈനിംഗിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭിക്കും.
അതിനാൽ , ഇവിടെ നിങ്ങൾ ക്രിപ്‌റ്റോ മൈനിംഗ് സേവനം നൽകുന്നു, അതിനായി ബ്ലോക്ക്ചെയിൻ നെറ്റ്‌വർക്ക് നിങ്ങൾക്ക് പാരിതോഷികം നൽകുകയും ചെയ്യുന്നു. GST ഈടാക്കാവുന്ന സേവനത്തിന്‍റെ ബാഹ്യ വിതരണമായി ഇതിനെ കാണാൻ കഴിയും. അതിനുള്ള പ്രതിഫലം വ്യക്തമായും ‘സാധന-സേവന രൂപത്തിൽ’ (ക്രിപ്‌റ്റോ) ആയിരിക്കും. അത്തരം സന്ദർഭങ്ങളിൽ വിതരണത്തിന്‍റെ മൂല്യം കണക്കാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിയമത്തിൽ പറയുന്നുണ്ട്.
ശുഭപ്രതീക്ഷയോടെ മുന്നോട്ട്
#ഇന്ത്യയ്ക്ക്ക്രിപ്റ്റോവേണം എന്നത് വളരെ വ്യക്തമാണ്. നികുതിയുമായി ബന്ധപ്പെട്ട് നിയമത്തിൽ ഭാവിയിൽ കുറച്ചുകൂടി വ്യക്തത ലഭിക്കേണ്ടിയിരിക്കുന്നു. നിക്ഷേപത്തിനുള്ള ഉപാധിയെന്ന ക്രിപ്‌റ്റോയെ കുറിച്ചുള്ള പൊതു ധാരണ കണക്കിലെടുത്ത്, ആദായനികുതി നിയമങ്ങൾക്ക് കീഴിൽ ഇതേ വീക്ഷണം സ്വീകരിക്കുകയാണെങ്കിൽ, അതിന്‍റേതായ പ്രത്യേക നികുതി നിരക്കുള്ള ഒരു മൂലധന ആസ്തിയായി ഇതിനെ കണക്കാക്കാം. അതുപോലെ, GST നിയമപ്രകാരം, ക്രിപ്റ്റോയെ മറ്റ് സെക്യൂരിറ്റികളായ ഷെയറുകൾ, ഡിബഞ്ചറുകൾ മുതലായവയ്ക്ക് തുല്യമായി പരിഗണിക്കാൻ കഴിയുമെങ്കിൽ, ക്രിപ്റ്റോ കേവലം വാങ്ങുന്നതും വിൽക്കുന്നതും GST പരിധിയിൽ നിന്ന് ഒഴിവാക്കാനാകും. ധനകാര്യ ബിൽ, 2022, കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാക്കുന്നുണ്ടെങ്കിലും, ക്രിപ്‌റ്റോയ്ക്ക് കീഴിലുള്ള പ്രത്യേക സംഭവങ്ങൾക്ക് നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ അവശേഷിക്കുന്നു, അതായത് സ്റ്റെയ്ക്കിംഗ്, ഫോർക്കിംഗ്, ക്രിപ്‌റ്റോയിൽ ശമ്പളം നൽകുന്നത്, അടിസ്ഥാന ചരക്കുകളുടെ വിനിമയ മാർഗമായി ക്രിപ്‌റ്റോ ഉപയോഗിക്കുന്നത് തുടങ്ങിയവ.
