Table of Contents
ക്രിപ്റ്റോകറൻസി ലോകമെമ്പാടും ഇന്ന് അംഗീകാരം നേടിയിട്ടുണ്ട്, അതിന്റെ ജനപ്രീതി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇത് ഒരു സ്റ്റോക്ക് എക്സ്ചേഞ്ച് സംവിധാനത്തിന് സമാനമാണ്. ഒരു സ്റ്റോക്ക് എക്സ്ചേഞ്ചിലെ സ്റ്റോക്കുകളിൽ ചെയ്യുന്നതു പോലെ, നിങ്ങൾക്ക് ഒരു ക്രിപ്റ്റോ എക്സ്ചേഞ്ചിൽ നിന്ന് നിങ്ങളുടെ ക്രിപ്റ്റോകറൻസികൾ പിൻവലിക്കാനും ഒരു ബാഹ്യ വാലറ്റിൽ സൂക്ഷിക്കാനും കഴിയും.
ക്രിപ്റ്റോ ഇടപാടുകൾ പതിവായി കൈകാര്യം ചെയ്യുമ്പോൾ ക്രിപ്റ്റോ വാലറ്റുകളുടെ വിവിധ തരങ്ങളെ കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. മികച്ച ക്രിപ്റ്റോ വാലറ്റുകൾ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ക്രിപ്റ്റോകറൻസി പോർട്ട്ഫോളിയോയിലെ സംഭരണവും കൈകാര്യം ചെയ്യലും ലളിതമാക്കുന്നു (ഒരു പക്ഷേ ആസ്വാദ്യകരവും).
ലഭ്യമായിട്ടുള്ള വിവിധ തരങ്ങളിലുള്ള ക്രിപ്റ്റോ വാലറ്റുകളെ ഈ ലേഖനത്തിൽ, നമുക്ക് അവലോകനം ചെയ്യാം.
എന്താണ് ഒരു ക്രിപ്റ്റോ വാലറ്റ്?
“വ്യത്യസ്ത തരം ക്രിപ്റ്റോ വാലറ്റുകൾ” അറിയാൻ വെമ്പുന്നതിനു മുൻപ്, നിങ്ങൾ ആദ്യം അവയെ മനസ്സിലാക്കണം.
ഒന്നാമതായി, ക്രിപ്റ്റോകറൻസി സ്വന്തമാക്കുന്നത് സാധാരണ പണം സ്വന്തമാക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ്. ക്രിപ്റ്റോകറൻസി എന്നത് പ്രത്യേകം പ്രത്യേകം അഡ്രസുകളുള്ള ഒരു ബ്ലോക്ക്ചെയിനിൽ ഉള്ള കോഡുകളുടെ ഒരു ശേഖരമാണ്. അതിന് മൂർത്തമായ രൂപം നിലവിലില്ല.
ക്രിപ്റ്റോകറൻസിയുടെ കൈമാറ്റങ്ങളിലും ഇടപാടുകളിലും നിങ്ങളെ സഹായിക്കുന്ന രണ്ട് കീകളുണ്ട്. പബ്ലിക് കീ, പ്രൈവറ്റ് കീ എന്നിവയാണവ. ക്രിപ്റ്റോ അസറ്റുകൾ കൈമാറുന്നതിൽ മറ്റ് ഉപയോക്താക്കളെ സഹായിക്കുന്നതിന് പബ്ലിക് കീ ഉപയോഗിക്കുന്നു, അതേ സമയത്തു തന്നെ അവരെ വാലറ്റിൽ അൺലോക്ക് ചെയ്യുന്നതിന് പ്രൈവറ്റ് കീ ഉപയോഗിക്കുന്നു.
നിങ്ങളുടെ ഫണ്ടുകൾ സുരക്ഷിതമായി സൂക്ഷിക്കുന്ന കാര്യത്തില്‍ ഒരു ക്രിപ്റ്റോ വാലറ്റ് ഒരു സാധാരണ വാലറ്റിന് സമാനമാണ്. മറുവശത്ത്, വ്യത്യസ്ത ക്രിപ്റ്റോ വാലറ്റ് തരങ്ങൾ സാധാരണ വാലറ്റുകളേക്കാൾ കൂടുതൽ സുരക്ഷ നൽകുന്നു. യഥാർത്ഥത്തിൽ, ക്രിപ്റ്റോ വാലറ്റുകൾ ഒരിക്കലും യഥാർത്ഥ നാണയം കൈവശം വെയ്ക്കുന്നില്ല; അവർ ക്രിപ്റ്റോ-അസറ്റ് കീകളുടെ സുരക്ഷിതത്വം ഉറപ്പുനൽകുന്നു. വ്യക്തികളെ ഫണ്ടുകളിലേക്ക് ബന്ധിപ്പിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള വിവരങ്ങൾ ക്രിപ്റ്റോ വാലറ്റിൽ സംഭരിച്ചേക്കാം.
ക്രിപ്റ്റോ വാലറ്റിൽ പബ്ലിക്, പ്രൈവറ്റ് കീകളുടെ പ്രാധാന്യം
ക്രിപ്റ്റോ വാലറ്റുകളുടെ തരങ്ങളെക്കുറിച്ച് അറിയുന്നതിന് മുമ്പ്, പബ്ലിക്, പ്രൈവറ്റ് കീകൾ ഒരു ക്രിപ്റ്റോ വാലറ്റുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നോക്കാം നിങ്ങൾ ഒരു ക്രിപ്റ്റോ വാലറ്റ് സൃഷ്ടിക്കുമ്പോൾ, നിങ്ങൾക്ക് നിങ്ങളുടെ വാലറ്റുമായി ലിങ്ക് ചെയ്തിരിക്കുന്ന ഒരു ഒരു പ്രൈവറ്റ് കീയും പബ്ലിക് കീയും ലഭിക്കും. ഉദാഹരണമായി, നിങ്ങളുടെ ഇമെയിൽ പരിഗണിക്കുക. ഒരു ഇമെയിൽ ഒരാൾ നിങ്ങൾക്ക് അയക്കണമെന്ന് നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ, നിങ്ങൾ അവൾക്ക് നിങ്ങളുടെ ഇമെയിൽ വിലാസം കൈമാറുന്നു.
നിങ്ങളുടെ ഇമെയിൽ വിലാസം ലഭിക്കുന്നതിലൂടെ, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഇമെയിലുകൾ അയയ്ക്കാൻ മറ്റുള്ളവരെ അനുവദിക്കുമെന്ന് ഇതിന് അർത്ഥമില്ല. അങ്ങനെ ആര്‍ക്കെങ്കിലും ചെയ്യണമെങ്കില്‍ അവര്‍ക്ക് നിങ്ങളുടെ ഇമെയിൽ അക്കൗണ്ടിന്റെ പാസ്വേഡ് അറിഞ്ഞിരിക്കണം. ക്രിപ്റ്റോ വാലറ്റുകളിൽ പബ്ലിക് കീയും പ്രൈവറ്റ് കീയും സമാനമായ രീതിയിലാണ് ഉപയോഗിക്കുന്നത്.
ഒരു പബ്ലിക് കീ ആരുമായും പങ്കിടാൻ കഴിയുന്ന ഒരു ഇമെയിൽ വിലാസം എന്ന പോലെ പ്രവർത്തിക്കുന്നു. ആരില്‍ നിന്നെങ്കിലും പണം സ്വീകരിക്കാവുന്ന തരത്തിലേക്ക് നിങ്ങള്‍ വാലറ്റിനെ മാറ്റുന്ന ഘട്ടത്തിലാണ് ഇത് സൃഷ്ടിക്കുന്നത്.
പ്രൈവറ്റ് കീ എന്നത് കാത്തു സൂക്ഷിക്കേണ്ട ഒരു രഹസ്യമാണ്. ഇത് നിങ്ങളുടെ പാസ്വേഡിന് സമാനമാണ്, അത് ഹാക്ക് ചെയ്യപ്പെടാനും ആരുമായും പങ്കിടാനും പാടില്ല. ഈ പ്രൈവറ്റ് കീ ഉപയോഗിച്ചാണ് നിങ്ങൾ നിങ്ങളുടെ പണം ചെലവഴിക്കുന്നത്. നിങ്ങളുടെ പ്രൈവറ്റ് കീയിലേക്ക് ആർക്കെങ്കിലും ആക്സസ് ലഭിക്കുകയാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനും നിങ്ങളുടെ എല്ലാ ബിറ്റ്കോയിൻ നിക്ഷേപങ്ങളും നഷ്ടമാകാനും സാധ്യതയുണ്ട്.
ഒരു ക്രിപ്റ്റോ വാലറ്റിന്റെ സവിശേഷതകൾ
ഒരു ക്രിപ്റ്റോ വാലറ്റിന്റെ സവിശേഷതകളെ കുറിച്ച് വേഗത്തിലുള്ള ഒരു അവലോകനം ഇതാ:
- ഉപയോഗിക്കാൻ ലളിതമാണ് – നിങ്ങൾ ദിവസവും ഉപയോഗിക്കുന്ന മറ്റേതൊരു സോഫ്റ്റ്വെയർ അല്ലെങ്കിൽ വാലറ്റ് പോലെയാണ് ഇത് പ്രവർത്തിക്കുന്നത്.
- അങ്ങേയറ്റം സുരക്ഷിതം: നിങ്ങളുടെ പ്രൈവറ്റ് കീ സുരക്ഷിതമായി സൂക്ഷിക്കുക മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ.
- അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്കുള്ള ഇടപാടുകള്‍ തത്സമയത്തില്‍ തന്നെ സാധ്യമാക്കുന്നു: ഇത് തടസങ്ങളില്ലാത്തതും ഇടനിലക്കാരില്ലാത്തതുമാണ്.
- കുറഞ്ഞ ഇടപാട് ചെലവ്: സാധാരണ ബാങ്കുകളെ അപേക്ഷിച്ച്, ഇടപാട് ചെലവ് വളരെ കുറവാണ്.
- നിരവധി ക്രിപ്റ്റോകറൻസികളുടെ ഇടപാടുകൾ അനുവദിക്കുന്നു: ഇത് കറൻസി പരിവർത്തനം ലളിതമാക്കുന്നു.
വ്യത്യസ്ത തരം ക്രിപ്റ്റോ വാലറ്റുകള്‍
തങ്ങളുടേതായ ഗുണങ്ങളും ദോഷങ്ങളുമുള്ള രണ്ട് തരം ക്രിപ്റ്റോ വാലറ്റുകൾ ഉണ്ട്. അവ ഇവയാണ്:
- ഹോട്ട് വാലറ്റ്
- കോള്‍ഡ് വാലറ്റ്
ഏതെങ്കിലും തരത്തിൽ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള വാലറ്റുകളാണ് ഹോട്ട് വാലറ്റുകൾ. അതേ സമയം, ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഫിസിക്കൽ വാലറ്റുകളാണ് കോൾഡ് വാലറ്റുകൾ.
ഹോട്ട് വാലറ്റുകൾ കൂടുതല്‍ വാലറ്റുകളേക്കാൾ കൂടുതൽ ഫ്ളെക്സിബിളാണ്, പക്ഷേ സുരക്ഷിതത്വം കുറവാണ്. ഹോട്ട് വാലറ്റുകൾ ഡിജിറ്റൽ ആയതിനാൽ, യാത്രയിലായിരിക്കുമ്പോഴും നിങ്ങളുടെ പണം ആക്സസ് ചെയ്യാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. അതേ സമയം, ഡിജിറ്റൽ ആയതിനാൽ അവയുടെ അപകട സാധ്യതയും കൂടുതലാണ്.
കോള്‍ഡ് വാലറ്റുകൾ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ, അവ സാധാരണയായി കൂടുതൽ സുരക്ഷിതമാണ്. ഒരു കോള്‍ഡ് വാലറ്റിൽ നിന്ന് പണം നഷ്ടപ്പെടണമെങ്കില്‍, അത് ഭൗതികമായി എടുക്കേണ്ടിവരും. എന്നിരുന്നാലും, ഈ തലത്തിലുള്ള സംരക്ഷണം യാത്ര ചെയ്യുമ്പോൾ പണം കൈമാറ്റം ചെയ്യുന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുന്നു.
ഗണ്യമായ അളവില്‍ ബിറ്റ്കോയിൻ കൈവശമുള്ളവർക്ക് കോള്‍ഡ്, ഹോട്ട് വാലറ്റുകള്‍ കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കുന്നത് മികച്ച ഓപ്ഷനായിരിക്കും. മിക്ക ആസ്തികള്‍ക്കും സുരക്ഷിതത്വം നല്കാന് ഒരു കോള്‍ഡ് വാലറ്റിന് കഴിയും അതേ സമയം ഹോട്ട് വാലറ്റിന് കൂടുതൽ ഫ്ളെക്സിബിലിറ്റി പ്രദാനം ചെയ്യാനാകും.
ഇവയെ കൂട്ടികലര്‍ത്തിയുള്ള തന്ത്രത്തിലൂടെ നിങ്ങൾക്ക് രണ്ടിലെയും ഏറ്റവും മികച്ചത് നേടാനാകും: സുരക്ഷയിലും ഫ്ളെക്സിബിലിറ്റിയിലും. ഉദാഹരണത്തിന്, ഒരു പ്രത്യേക തരം ഹോട്ട് അല്ലെങ്കില്‍ കോള്‍ഡ് വാലറ്റ് തെരഞ്ഞെടുത്ത് നിങ്ങളുടെ സുരക്ഷ മികച്ച രീതിയിൽ വ്യക്തിഗതമായി ക്രമീകരിക്കാം.
ഹോട്ടായതും കോള്ഡായതുമായ വാലറ്റ് വിഭാഗങ്ങളില്‍ വ്യത്യസ്ത തരം ക്രിപ്റ്റോ വാലറ്റുകൾ ഉണ്ട്. എന്നിരുന്നാലും, പ്രാഥമികമായി മൂന്നിനങ്ങളാണ് നമുക്കുള്ളത്.
- സോഫ്റ്റ്വെയർ വാലറ്റുകൾ,
- ഹാർഡ്വെയർ വാലറ്റുകൾ,
- പേപ്പർ വാലറ്റുകൾ.
സോഫ്റ്റ്വെയർ വാലറ്റുകൾ
അവ ഇന്റ നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, മിക്ക സോഫ്റ്റ്വെയർ വാലറ്റുകളെയും ഹോട്ട് വാലറ്റുകളായി തരംതിരിച്ചിട്ടുണ്ട്. വെബ് വാലറ്റുകൾ, ഡെസ്ക്ടോപ്പ് വാലറ്റുകൾ, മൊബൈൽ വാലറ്റുകൾ എന്നിവയാണ് സോഫ്റ്റ്വെയർ വാലറ്റുകളുടെ ഏറ്റവും പ്രചാരമുള്ള മൂന്ന് രൂപങ്ങൾ.
1. വെബ് വാലറ്റുകൾ:
വെബ് വാലറ്റുകൾ ആക്സസ് ചെയ്യാൻ ഒരു വെബ് ബ്രൗസർ ഉപയോഗിക്കുന്നു. അതിനാൽ നിങ്ങളുടെ കമ്പ്യൂട്ടറിലേക്കോ ഫോണിലേക്കോ പ്രത്യേക സോഫ്റ്റ്വെയർ ഡൗൺലോഡ് ചെയ്യേണ്ടതില്ല, കാരണം നിങ്ങൾക്ക് അവ ബ്രൗസറിലൂടെ ആക്സസ് ചെയ്യാൻ കഴിയും.
നിങ്ങളുടെ പാസ്വേഡും വെബ് ബ്രൗസറുള്ള ഒരു ഉപകരണവും ഉള്ളിടത്തോളം കാലം എവിടെ നിന്നും നിങ്ങളുടെ ക്രിപ്റ്റോ മാനേജ് ചെയ്യാം എന്നാണ് ബ്രൗസർ ആക്സസ് അർത്ഥമാക്കുന്നത്.
എന്നിരുന്നാലും, ഒരു വെബ് വാലറ്റിനൊപ്പമുള്ള നിങ്ങളുടെ ക്രിപ്റ്റോയുടെ കീ ഇടയ്ക്കിടെ വെബ്സൈറ്റിന് നല്‍കണം. ഇതുമൂലം നിങ്ങളുടെ ക്രിപ്റ്റോകറൻസികളിൽ നിങ്ങൾക്കുള്ള നിയന്ത്രണം കുറച്ച് കുറവായിരിക്കും.
2. ഡെസ്ക്ടോപ് വാലറ്റുകള്‍:
ഒരു ഡെസ്ക്ടോപ്പ് വാലറ്റിന് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യേണ്ടത് ആവശ്യമാണ്. അടുത്തതായി, നിങ്ങളുടെ കീകൾ സംഭരിക്കുന്നതിനുള്ള പ്രോഗ്രാം ഉപയോഗിച്ച് നിങ്ങൾ ഒരു ഡാറ്റ ഫയൽ സൃഷ്ടിക്കും. തുടര്‍ന്ന്, കീകളിലേക്ക് ആക്സസ് ലഭിക്കുന്നതിന്, നിങ്ങൾ ഒരു പാസ്വേഡ് സ്ഥാപിക്കേണ്ടതുണ്ട്.
ഒരു ഡെസ്ക്ടോപ്പ് വാലറ്റ് ഉപയോഗിക്കുന്നതിന്റെ ഒരു ഗുണം നിങ്ങളുടെ കീയിൽ നിങ്ങൾക്ക് നിയന്ത്രണമുണ്ട് എന്നതാണ്. എന്നിരുന്നാലും, നിങ്ങളുടെ കീ നിങ്ങളുടെ കൈവശമായതിനാൽ നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസുകളും മാല്‍വെയറുകളും ഇല്ലെന്ന് ഉറപ്പാക്കുന്നതാണ് ഉചിതം. നിങ്ങളുടെ പാസ്വേഡ് മറക്കാതിരിക്കുന്നതും പ്രധാനമാണ്.
നിങ്ങൾ ഒരു ഡെസ്ക്ടോപ്പ് വാലറ്റ് തിരഞ്ഞെടുക്കുകയാണെങ്കിൽ, ഡാറ്റ ഫയലിന്റെ ഒരു പകർപ്പ് എടുത്ത് മറ്റെവിടെയെങ്കിലും സംരക്ഷിക്കുക. അതിലൂടെ, നിങ്ങൾ കമ്പ്യൂട്ടറിൽ നിന്ന് അകലെയാണെങ്കിലും അല്ലെങ്കിൽ അത് തകരാറിലാണെങ്കിലും നിങ്ങളുടെ ഫണ്ടുകൾ ആക്സസ് ചെയ്യാൻ നിങ്ങൾക്ക് കഴിയും.
3. മൊബൈൽ വാലറ്റുകൾ:
ഡെസ്ക്ടോപ്പ് വാലറ്റുകൾക്ക് സമാനമായാണ് മൊബൈൽ വാലറ്റുകൾ പ്രവർത്തിക്കുന്നത്. ഒരു പ്രധാന വ്യത്യാസം എന്നു പറയുന്നത്, ഈ വാലറ്റ് ഒരു സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനാണ് എന്നതാണ്.
നിങ്ങൾ ഫണ്ട് ട്രേഡ് ചെയ്യാൻ താൽപ്പര്യപ്പെടുമ്പോൾ എങ്ങോട്ടുപോകണം എന്നതിന് ഒരു മൊബൈൽ വാലറ്റ് അധിക സ്വാതന്ത്ര്യം നൽകുന്നു. ക്രിപ്റ്റോകറൻസി വാങ്ങുന്നതും വിൽക്കുന്നതും എളുപ്പമാക്കുന്ന QR കോഡുകളുടെ സൗകര്യം മൊബൈൽ വാലറ്റ് നിങ്ങൾക്ക് നൽകുന്നു.
മൊബൈൽ വാലറ്റുകൾ കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു, എന്നാൽ അവയ്ക്ക് അതിന്റേതായ അധിക സുരക്ഷാ നടപടികളും ആവശ്യമാണ്. ഉദാഹരണത്തിന്, നിങ്ങളുടെ ക്രിപ്റ്റോകറൻസി സുരക്ഷിതമായി സൂക്ഷിക്കാൻ മൊബൈൽ വാലറ്റുകൾ വൈറസ്-രഹിതമായിരിക്കണം. കൂടാതെ, നിങ്ങളുടെ ഫോൺ നഷ്ടപ്പെടാതിരിക്കാൻ നിങ്ങൾ കൂടുതൽ ജാഗ്രത പുലർത്തിയാൽ അത് നന്നായിരിക്കും.
ഹാർഡ്വെയർ വാലറ്റുകൾ
നിങ്ങളുടെ കീകൾ ഒരു സോഫ്റ്റ്വെയറിലല്ല, മറിച്ച് ഹാർഡ്വെയർ വാലറ്റ് ഉപയോഗിക്കുന്ന ഒരു ഫിസിക്കൽ ഉപകരണത്തിലാണ് സംഭരിച്ചിരിക്കുന്നത്. മിക്ക ഹാർഡ്വെയർ വാലറ്റുകളും ഒരു ഫ്ലാഷ് ഡ്രൈവ് പോലെ പ്രവർത്തിക്കുന്നു. ഒരു USB ഡ്രൈവിനെ ഒരു കമ്പ്യൂട്ടറിലേക്കോ മറ്റ് ഡിവൈസുകളിലേക്കോ ബന്ധിപ്പിക്കാൻ കഴിയും
ഒരു ഹാർഡ്വെയർ വാലറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്ന് ഇതാണ്. ഇത് ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടില്ല, ഇത് ഗണ്യമായ സുരക്ഷാ അപകടസാധ്യത ഇല്ലാതാക്കുന്നു. നിങ്ങളുടെ ഡിവൈസ് നഷ്ടപ്പെട്ടാലും നിങ്ങളുടെ ക്രിപ്റ്റോ ആക്സസ് ചെയ്യാൻ സാധിക്കുന്നതിനായി, ഒരു ഹാർഡ്വെയർ വാലറ്റ് ഉപയോഗിച്ച് നിങ്ങൾ ഒരു സീഡ് ഫ്രേസ് സൃഷ്ടിക്കുന്നു.
ഇടപാടുകൾ സൃഷ്ടിക്കുമ്പോൾ നിങ്ങളുടെ പ്രൈവറ്റ് കീ ഒരിക്കലും നിങ്ങളുടെ ഡിവൈസിൽ നിന്ന് പുറത്തുപോകില്ല. ട്രാന്സാക്ഷന്/ പേയ്മെന്റ് വിവരങ്ങള്‍ നല്കാന് ഗാഡ്ജറ്റ് ആവശ്യപ്പെടുന്നു. തുടര്‍ന്ന് ഡാറ്റ പരിശോധിക്കുന്നു. അതിനാൽ, നിങ്ങളുടെ പ്രൈവറ്റ് കീ ഈ രീതിയിൽ ഡിവൈസിൽ നിന്ന് പുറത്തുപോകില്ല.
സോഫ്റ്റ്വെയർ വാലറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഹാർഡ്വെയർ വാലറ്റുകൾ കൂടുതൽ സുരക്ഷിതമാണ്. തീര്‍ച്ചയായും, അവ കൂടുതല്‍ ചെലവേറിയതാണ് എന്നതില്‍ സംശയമില്ല. അതിനാൽ, ഗണ്യമായ അളവിലുള്ള ക്രിപ്റ്റോകറൻസി ഉള്ള ആളുകൾക്ക് അല്ലെങ്കിൽ അവരുടെ ആസ്തികൾ ദീർഘകാലത്തേക്ക് സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് വളരേയേറേ ശുപാര്‍ശ ചെയ്യപ്പെടുന്നു.
പേപ്പർ വാലറ്റുകൾ
ഒരു പേപ്പർ വാലറ്റ് എന്നത് ഒരു കടലാസ് ഷീറ്റ് കൊണ്ട് നിർമ്മിച്ച ഒരു തരം കോള്‍ഡ് വാലറ്റാണ്. നിങ്ങളുടെ ബിറ്റ്കോയിൻ ലഭിക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും പേപ്പറിലുണ്ട്.
കോള്‍ഡ് വാലറ്റുകൾ കൂടുതൽ വിശ്വസനീയമാണെങ്കിലും, ഒരു പേപ്പർ വാലറ്റിന്റെ പ്രകൃതം അതിനെ ദുർബലമാക്കുന്നു. നിങ്ങളുടെ പേപ്പർ വാലറ്റ് നഷ്ടപ്പെട്ടാൽ, നിങ്ങളുടെ പണവും നഷ്ടമാകും.
ഒരു പേപ്പർ വാലറ്റിന്റെ മറ്റൊരു പോരായ്മ ഭാഗികമായ അളവില്‍ തുക കൈമാറ്റം ചെയ്യാന്‍ സാധിക്കില്ലായെന്നാണ്. ഇതിനുള്ള പരിഹാരങ്ങൾ നിലവിലുണ്ട്, പക്ഷേ അവക്ക് സമയമെടുക്കും. ഈ പോരായ്മകൾ കാരണം പേപ്പർ വാലറ്റുകൾ പൊതുവെ നിരസിക്കപ്പെടുന്നു.
ബോട്ടം ലൈന്‍
നിങ്ങൾ ബിറ്റ്കോയിനും മറ്റ് ക്രിപ്റ്റോകറൻസികളും കൈകാര്യം ചെയ്യുമ്പോൾ ക്രിപ്റ്റോ വാലറ്റുകൾ ഒരു നിർണായക ഘടകമാണ്. കാരണം, ഫണ്ട് കൈമാറ്റം ചെയ്യാനും സ്വീകരിക്കാനും ബ്ലോക്ക്ചെയിൻ നെറ്റ്വർക്കുകളെ പ്രാപ്തമാക്കുന്ന അടിസ്ഥാന സൗകര്യങ്ങളിലെ അവശ്യഘടകങ്ങളിലൊന്നാണ് അവ. എന്നിരുന്നാലും, ഓരോ വാലറ്റിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, അതിനാൽ പണം അടക്കുന്നതിനു മുമ്പ് അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്.
നിരാകരണം: ക്രിപ്റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.