Skip to main content

ക്രിപ്‌റ്റോ തട്ടിപ്പുകൾ: അവ എങ്ങനെ കണ്ടെത്താം? (Crypto Scams: How to spot them?)

By ഒക്ടോബർ 26, 2021മെയ്‌ 4th, 20224 minute read
Crytpo-Scams-How-to-spot-them

നമ്മുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും, നമ്മൾ പോലും അറിയാത്ത ഒരു മത്സരത്തിൽ പങ്കെടുത്തതിന് ദശലക്ഷക്കണക്കിന് ഡോളർ നേടിയെന്ന് അവകാശപ്പെടുന്ന ഇമെയിലുകളും ടെക്‌സ്‌റ്റ് സന്ദേശങ്ങളും നമുക്കെല്ലാം ലഭിച്ചിട്ടുണ്ട്. സാധാരണഗതിയിൽ, സംശയാസ്പദമായ ഇമെയിലോ സന്ദേശമോ കാണുമ്പോൾ അതൊരു തട്ടിപ്പാണെന്ന് തൽക്ഷണം തിരിച്ചറിയാൻ കഴിയുന്നതിനാൽ നാമെല്ലാം അതിനെ ചിരിച്ചുതള്ളി മുന്നോട്ട് പോകും.

എന്നാൽ ക്രിപ്‌റ്റോകറൻസിയുടെ കാര്യത്തിൽ നിങ്ങൾക്കിത് ചെയ്യാൻ കഴിയുമെന്ന് കരുതുന്നുണ്ടോ? ഒരു നിയമാനുസൃത പ്രോജക്റ്റാണോ അതോ ഒരു ക്രിപ്റ്റോ തട്ടിപ്പാണോ എന്ന് നിങ്ങൾക്ക് എത്ര എളുപ്പം കണ്ടെത്താനാകും? നിങ്ങൾ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്.

ക്രിപ്‌റ്റോ തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണ്

ഓരോ ദിവസം കഴിയുന്തോറും ക്രിപ്‌റ്റോകറൻസി കൂടുതൽ ഉയരങ്ങളിലേക്ക് വളരുകയാണ്. ക്രിപ്‌റ്റോകൾ ലോകമെമ്പാടുമുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളായ നിക്ഷേപകരുടെയും ശ്രദ്ധ നേടുന്നത് തുടരുന്നതിനാൽ, വേഗത്തിൽ സമ്പന്നരാകാൻ എന്തും ചെയ്യുന്ന വ്യക്തികളെ ചൂഷണം ചെയ്ത് എളുപ്പത്തിൽ ലാഭം കൊയ്യാൻ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ ലക്ഷ്യമായും അവ മാറിയിരിക്കുന്നു.

തട്ടിപ്പുകാർ പലപ്പോഴും വിശ്വസനീയമായ വാഗ്ദാനങ്ങൾ നൽകുകയും തങ്ങളുടെ നേട്ടത്തിനായി ഇന്‍റർനെറ്റിന്‍റെ അജ്ഞാതത്വം ഉപയോഗിച്ച് ക്രിപ്‌റ്റോ സ്‌പെയ്‌സുമായി സമന്വയിക്കുകയും ചെയ്യുന്നു. മിക്കപ്പോഴും ഈ വാഗ്ദാനങ്ങൾ അത്യന്തം നല്ലതായി തോന്നുകയും വ്യക്തികൾ പെട്ടെന്ന് അവയിൽ വീഴുകയും ചെയ്യുന്നു. ഒരു വലിയ കൂട്ടം ആളുകൾക്ക് ഇപ്പോഴും ക്രിപ്‌റ്റോകറൻസി പരിചിതമല്ലാത്തതിനാലാണ് ഇത് സംഭവിക്കുന്നത് – ഏതാണ് നിയമാനുസൃതമെന്നും ഏതാണ് വഞ്ചനയെന്നും പറയാൻ അവരിൽ മിക്കവർക്കും ബുദ്ധിമുട്ടാണ്. കൂടാതെ, ക്രിപ്‌റ്റോകറൻസികൾ എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയാത്ത സാങ്കേതിക കാര്യങ്ങളാണെന്ന് പലരും വിശ്വസിക്കുന്നു.

Get WazirX News First

* indicates required

അതുകൊണ്ടാണ്, നിങ്ങൾ ക്രിപ്‌റ്റോകറൻസി ഉപയോഗിക്കാൻ തുടങ്ങുന്നതിനോ അതിൽ നിക്ഷേപിക്കുന്നതിനോ മുമ്പ്, ക്രിപ്‌റ്റോകറൻസി എങ്ങനെ പ്രവർത്തിക്കുന്നുവെന്നും പണത്തിൽ നിന്നും മറ്റ് പേയ്‌മെന്‍റ് രീതികളിൽ നിന്നും അത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമായിരിക്കുന്നത്. കെണിയിൽ അകപ്പെടാനും നിങ്ങളുടെ മുഴുവൻ സമ്പാദ്യങ്ങളും നഷ്‌ടപ്പെടുത്താനും ആഗ്രഹിക്കുന്നില്ലെങ്കിൽ, ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ തിരിച്ചറിയാനും ക്രിപ്‌റ്റോ അക്കൗണ്ടുകളിൽ ഉണ്ടാകാവുന്ന വീഴ്ചകൾ തിരിച്ചറിയാനും നിങ്ങൾ പഠിക്കണം. പ്രചാരമേറിയ ചില ക്രിപ്‌റ്റോ തട്ടിപ്പുകളും അവ എങ്ങനെ കണ്ടെത്താമെന്നതും ഇവിടെ വിവരിക്കുന്നു. 

ആൾമാറാട്ട തട്ടിപ്പുകൾ 

ആൾമാറാട്ട തട്ടിപ്പുകൾ മിക്കപ്പോഴും സർക്കാർ ഉദ്യോഗസ്ഥരെയോ കോർപ്പറേഷനുകളെയോ അറിയപ്പെടുന്ന വ്യക്തികളെയോ അനുകരിക്കുന്നു. നിലവിൽ, റിപ്പോർട്ട് ചെയ്യപ്പെട്ട നഷ്ടത്തിന്‍റെ ഏകദേശം 14%-ത്തിനു മാത്രമാണ് ക്രിപ്‌റ്റോകറൻസികൾ ഉത്തരവാദികളായിരിക്കുന്നത്. ഈ തട്ടിപ്പുകളിൽ ഭൂരിഭാഗവും (ഏതാണ്ട് 86%) ഫിയറ്റ് കാഷ് ഉപയോഗിച്ചാണ് നടത്തുന്നത്. എന്നിരുന്നാലും, ക്രിപ്‌റ്റോ വ്യവസായം അതിവേഗം വളരുന്നതിനാൽ ഈ അനുപാതം മാറുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ പ്രവണതകൾ തുടരുകയാണെങ്കിൽ, അടുത്ത ഏതാനും വർഷങ്ങളിൽ ഡിജിറ്റൽ കറൻസി നഷ്ടങ്ങളുടെ ശതമാനം നിസ്സംശയമായും വർധിക്കും. 

വാസ്തവത്തിൽ, FTC ഡാറ്റ അനുസരിച്ച് 2020 മുതൽ ക്രിപ്‌റ്റോ തട്ടിപ്പുകളെ കുറിച്ചുള്ള ആരോപണങ്ങൾ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 7000-ത്തിലധികം ഉപഭോക്താക്കൾ മൊത്തം $80 കോടിയിലധികം നഷ്ടം അവകാശപ്പെടുന്നു. 

ആൾമാറാട്ട തട്ടിപ്പുകൾ പലപ്പോഴും സമ്മാന തട്ടിപ്പുകളുമായി ഒത്തുചേരുന്നു, അതിൽ ആൾമാറാട്ടക്കാർ അവർക്ക് നൽകിയ ക്രിപ്റ്റോയുടെ ഇരട്ടിയോ തുല്യമോ വാഗ്ദാനം ചെയ്യുന്നു. ഒരു സെലിബ്രിറ്റിയുടെയോ സ്വാധീനമുള്ളയാളുടേതോ ആണെന്ന് തെറ്റിദ്ധരിച്ച് നിരവധി ഉപയോക്താക്കൾ തട്ടിപ്പുകാരുടെ വാലറ്റിലേക്ക് ക്രിപ്‌റ്റോകൾ അയച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, കഴിഞ്ഞ ആറ് മാസത്തിനിടെ ഉപയോക്താക്കൾ $2 ദശക്ഷത്തിലധികം ക്രിപ്‌റ്റോകറൻസികൾ ഇലോൺ മസക്കിന്‍റെ പേരിലുള്ള ആൾമാറാട്ടക്കാർക്ക് കൈമാറിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തട്ടിപ്പുകാർ വ്യാജ ലിങ്കുകൾ പോസ്‌റ്റ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലും WazirX സപ്പോർട്ട്, മാനേജ്‌മെന്‍റ് അല്ലെങ്കിൽ ജീവനക്കാരായി ആൾമാറാട്ടം നടത്തിയേക്കാം. ഇത്തരം വ്യാജ അക്കൗണ്ടുകൾ ഇന്‍റർനെറ്റിൽ ഉടനീളം കണ്ടേക്കാം. ട്വിറ്ററിൽ നിന്നോ ഫെയ്സ്ബുക്കിൽ നിന്നോ ഉള്ള ഓഫറുകൾ ദയവായി വിശ്വസിക്കരുത്, പ്രത്യേകിച്ച് ഫലം കൈവരിക്കാൻ സാധ്യതയുള്ളതല്ലെന്ന് തോന്നുന്നുവെങ്കിൽ.

ഒരു ആൾമാറാട്ട അക്കൗണ്ട് കണ്ടെത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗം നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന വരുമാനം വിലയിരുത്തുക എന്നതാണ്. ഒരു ക്രിപ്‌റ്റോ ഓഫർ വിശ്വസിക്കാൻ കഴിയാത്തത്ര നല്ലതാണെന്ന് തോന്നുന്നെങ്കിൽ, അതു മാത്രം മതി നിങ്ങൾക്ക് മുന്നോട്ട് പോകാതിരിക്കാൻ. സത്യമല്ലാത്തതിനാലാണ് അത് വിശ്വസിക്കാനാവാത്തത്ര നല്ലതായി തോന്നുന്നത്. 

ക്ലോൺ വെബ്സൈറ്റുകൾ

തട്ടിപ്പുകാർ അവലംബിക്കുന്ന മറ്റൊരു സാധാരണ തന്ത്രമാണ് വ്യാജ വെബ്‌സൈറ്റുകൾ. ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിക്കാനോ മൈനിങ് ചെയ്യാനോ അവസരങ്ങൾ നൽകുന്ന വെബ്‌സൈറ്റുകൾ സന്ദർശിച്ച് നിരവധി വ്യക്തികൾ വഞ്ചിക്കപ്പെട്ടിട്ടുണ്ട്, കാരണം അവയെല്ലാം യഥാർത്ഥത്തിൽ വ്യാജമാണ്. ഈ വെബ്‌സൈറ്റുകൾ പലപ്പോഴും നന്നായി ഡിസൈൻ ചെയ്തവയും നിയമസാധുതയുണ്ടെന്ന തോന്നൽ ഉളവാക്കുന്നതുമാണ്. അത് ആളുകൾ തങ്ങളുടെ ക്രിപ്‌റ്റോകൾ വേഗത്തിലും മടികൂടാതെയും കൈമാറാൻ ഇടയാക്കുന്നു.

സാധാരണയായി, അത്തരം വെബ്‌സൈറ്റുകൾക്ക് വിവിധ നിക്ഷേപ ശ്രേണികളുണ്ട്, നിക്ഷേപം ഉയർന്നതാണെങ്കിൽ വരുമാനവും ഉയർന്നതാണ്. വെബ്‌സൈറ്റുകളെ വിശ്വാസയോഗ്യമാക്കാൻ വ്യാജ സാക്ഷ്യപത്രങ്ങളും ക്രിപ്‌റ്റോകറൻസി പദപ്രയോഗങ്ങളും ഉപയോഗിക്കുന്നു. എന്നാൽ അവിശ്വസനീയമായ വിധത്തിൽ വരുമാനം ഉറപ്പുനൽകുന്ന അത്തരം വലിയ അവകാശവാദങ്ങൾ വ്യാജമാണെന്ന് ഉപയോക്താക്കൾ മനസ്സിലാക്കേണ്ടതുണ്ട്. ഈ വെബ്‌സൈറ്റുകൾ നിങ്ങളുടെ പണം വർധിക്കുന്നു എന്ന പ്രതീതി പോലും നൽകിയേക്കാം. എന്നാൽ നിങ്ങളുടെ പ്രഖ്യാപിത ലാഭം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ ക്രിപ്റ്റോ ട്രാൻസ്ഫർ ചെയ്യാൻ നിങ്ങളോട് പറയും – ഒടുവിൽ നിങ്ങൾക്ക് ഒന്നും തിരിച്ചു കിട്ടില്ല.

നിങ്ങൾ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റ് നിയമാനുസൃതമാണോ അല്ലയോ എന്ന് പറയാൻ കഴിയുന്ന നിരവധി അടയാളങ്ങളുണ്ട്. ഉദാഹരണത്തിന്, URL ബാറിൽ ഒരു ലോക്ക് ഐക്കൺ ഇല്ലെങ്കിൽ സൈറ്റ് സുരക്ഷിതമല്ല എന്നതിന്‍റെ സൂചകമാണ്. പേയ്‌മെന്‍റുകൾ നടത്തുമ്പോൾ നിങ്ങളെ ഒരു സൈറ്റിൽ നിന്ന് മറ്റൊന്നിലേക്ക് റീഡയറക്ട് ചെയ്യുന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. റീഡയറക്‌ട് ലിങ്ക് ഒരു നിയമാനുസൃത സൈറ്റായി തോന്നാം; എന്നാൽ, URL സൂക്ഷ്മമായി പരിശോധിച്ചാൽ, വ്യാജ URL-ൽ “o” എന്ന അക്ഷരത്തിന് പകരം പൂജ്യം എന്ന അക്കം അടങ്ങിയിരിക്കുന്നുവെന്ന് വ്യക്തമാകും. അതിനാൽ, നിങ്ങളുടെ ബ്രൗസറിൽ കൃത്യമായ URL ആണ് നൽകുന്നതെന്ന് ഉറപ്പാക്കുകയും രണ്ടുതവണ പരിശോധിക്കുകയും ചെയ്യുക.

റൊമാൻസ് തട്ടിപ്പുകൾ

ക്രിപ്‌റ്റോകറൻസി നിക്ഷേപ തട്ടിപ്പുകളിലേക്ക് ആളുകളെ ആകർഷിക്കാൻ ഓൺലൈൻ ഡേറ്റിംഗ് ഉപയോഗപ്പെടുത്തുന്ന ഒരു തരം തട്ടിപ്പാണ് റൊമാൻസ് തട്ടിപ്പുകൾ. തട്ടിപ്പുകാർ സാധാരണയായി ഡേറ്റിംഗ് ആപ്പുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും ഇരയുമായി സമ്പർക്കം പുലർത്തുന്നു. വിശ്വാസം ആർജിക്കാനും ബന്ധം യഥാർത്ഥമാണെന്നു ബോധ്യപ്പെടുത്താനുമായി അവർ ഇരയുടെ പ്രതിശ്രുത കമിതാവായി അഭിനയിക്കുന്നു. ഇരയുടെ പൂർണ്ണമായ വിശ്വാസം നേടിയ ശേഷം, തട്ടിപ്പുകാർ ക്രിപ്‌റ്റോ വിദഗ്ധരായി നടിക്കുകയും ഇരയ്ക്ക് ക്രിപ്‌റ്റോകറൻസി അയച്ച് അതിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഒരിക്കൽ നിക്ഷേപിച്ച് കഴിഞ്ഞാൽ അവതരിപ്പിച്ച അക്കൗണ്ടിൽ നിന്ന് ഒരു മിതമായ ലാഭം പിൻവലിക്കാൻ പോലും തട്ടിപ്പ് നടത്തുന്നയാൾ ഇരയെ പ്രാപ്തമാക്കുന്നു.

വിജയകരമായി പിൻവലിച്ചുകഴിഞ്ഞാൽ, തട്ടിപ്പ് നടത്തുന്നയാൾ ഇരയോട് കൂടുതൽ തുക മുടക്കാൻ പറയുകയും “വേഗം പ്രവർത്തിക്കാൻ” പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇര വീണ്ടും ഫണ്ട് പിൻവലിക്കാൻ ഒരുങ്ങുമ്പോൾ പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങുന്നു. പണം പിൻവലിക്കാൻ കഴിയാത്തതിന് തട്ടിപ്പു നടത്തുന്നയാൾ വിവിധ കാരണങ്ങൾ നിരത്തുന്നു, ഇര ഫണ്ട് കൈമാറുന്നത് നിർത്തുമ്പോൾ ആ വെർച്വൽ ബന്ധം അവസാനിക്കുന്നു.

FTC-യുടെ അഭിപ്രായത്തിൽ, കമിതാക്കൾ തങ്ങൾ ഉൾപ്പെട്ട ഒരുഗ്രൻ ക്രിപ്‌റ്റോ അവസരത്തെ കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങുന്നതു വരെ തങ്ങൾ ഒരു ദീർഘദൂര-ബന്ധത്തിലാണെന്ന് സ്വയം തെറ്റിദ്ധരിച്ചിരുന്നതായി നിരവധി ആളുകൾ പറഞ്ഞിട്ടുണ്ട്. 2020 ഒക്‌ടോബർ മുതൽ, റൊമാൻസ് തട്ടിപ്പുകളിൽ നഷ്‌ടമായ പണത്തിന്‍റെ ഏകദേശം 20% ക്രിപ്‌റ്റോകറൻസിയിൽ കൈമാറ്റം ചെയ്തവയാണ്, ഈ പരാതികളിൽ പലതും വരുന്നത് തങ്ങൾ ഒരു നിക്ഷേപം നടത്തുകയായിരുന്നെന്ന് കരുതിയ വ്യക്തികളിൽ നിന്നാണ്.

ഒരു റൊമാൻസ് തട്ടിപ്പിന് ഇരയാകുന്നത് തടയാൻ നിങ്ങൾ ചെയ്യേണ്ടത് ഇതാണ്. നിങ്ങൾ ഇന്‍റർനെറ്റിൽ മാത്രം കണ്ടുമുട്ടിയ ഒരാളുടെ ഉപദേശം അടിസ്ഥാനമാക്കി പണം അയയ്‌ക്കുകയോ വ്യാപാരം നടത്തുകയോ നിക്ഷേപിക്കുകയോ ചെയ്യരുത്. കൂടാതെ അപരിചിതരുമായി നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഒരിക്കലും സംസാരിക്കരുത്. എക്‌സ്‌ക്ലൂസീവ് നിക്ഷേപ സാധ്യതകളുണ്ടെന്ന് അവകാശപ്പെടുകയും എത്രയും വേഗം പ്രവർത്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളുടെ കെണിയിൽ വീഴുന്നില്ലെന്ന് ഉറപ്പാക്കുക. ഫോണിൽ വിളിക്കുന്ന ഒരാൾ, ഒരു കമിതാവ്, സ്ഥാപനം അല്ലെങ്കിൽ മറ്റാരെങ്കിലും അവരുടെ വാലറ്റുകളിലേക്ക് ക്രിപ്‌റ്റോകറൻസികൾ അയയ്‌ക്കാൻ നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കിൽ അതൊരു തട്ടിപ്പാണെന്ന് ഉറപ്പാക്കാം. കൂടാതെ, ഇൻറർനെറ്റിലൂടെ അപരിചിതർക്ക് സെൻസിറ്റീവായി അല്ലെങ്കിൽ വ്യക്തിപരമായ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കുക.

ഉപസംഹാര ചിന്തകൾ

ഫിഷിംഗ് തട്ടിപ്പുകൾ, സമ്മാന തട്ടിപ്പുകൾ, റൊമാൻസ് തട്ടിപ്പുകൾ, റഗ് പുള്ളുകൾ, പമ്പ് ആൻഡ് ഡംപ്സ് എന്നിങ്ങനെ നിങ്ങൾ എന്ത് പേരിൽ വിളിച്ചാലും ക്രിപ്‌റ്റോ തട്ടിപ്പുകൾ എല്ലായിടത്തും ഉണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ, നിങ്ങൾ ജോലിചെയ്തുണ്ടാക്കിയതെല്ലാം നഷ്ടപ്പെടും.

ക്രിപ്‌റ്റോകറൻസി നിക്ഷേപങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങൾ സാധാരണയിൽ കവിഞ്ഞ ജാഗ്രത പുലർത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, എന്തെങ്കിലും ശരിയല്ലെന്നോ കൂട്ടിച്ചേർത്തതാണെന്നോ തോന്നുകയാണെങ്കിൽ, നിങ്ങളുടെ സഹജാവബോധത്തെ വിശ്വസിക്കുക. ക്രിപ്‌റ്റോ വാലറ്റുകളിലേക്ക് പണം അയക്കാൻ WazirX ഒരിക്കലും ഉപയോക്താക്കളോട് ആവശ്യപ്പെടുന്നില്ല.

WazirX എക്സ്ചേഞ്ച് കാണുന്നതിന്, ഇവിടെ ക്ലിക്ക് ചെയ്യുക.

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply